ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടൽ. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാൻ്റെയും ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെൻ്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. എന്നാൽ ഇസ്രായേലിൽ യുഎസ് മിസൈൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സൈനികരെ വിന്യസിക്കുക വഴി അമേരിക്ക തങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി വ്യക്തമാക്കി.