ഗൂഗിളിനും വാട്സ്ആപ്പിനും പിന്നാലെ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണും ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പാസ്കീ സംവിധാനം അവതരിപ്പിച്ചു. വെബ് ബ്രൗസറുകളിലും മൊബൈല്‍ ആപ്പുകളിലും പാസ്കീ സപ്പോര്‍ട്ട് നടപ്പാക്കിയതായി ആമസോണ്‍ അറിയിച്ചു. പാസ്കീ സംവിധാനം ഉപയോഗിക്കുന്നതോടെ, ബയോമെട്രിക്സ് അല്ലെങ്കില്‍ ലോക്ക് സ്ക്രീന്‍ പിന് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മാത്രമേ ആമസോണ്‍ ആപ്പ് തുറക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ സുരക്ഷയുടെ ഭാഗമായി പാസ് വേര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമാണ് കൂടുതല്‍ സുരക്ഷ നല്കുന്ന പാസ് കീ സംവിധാനം ആമസോണ്‍ അവതരിപ്പിച്ചത്. ഇതോടെ ലോഗിന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാകുമെന്നും ആമസോണ്‍ അവകാശപ്പെടുന്നു. പാസ്കീ സംവിധാനം എനേബിള്‍ ചെയ്യുന്നതോടെ, ഫിംഗര്‍പ്രിന്റ് റെക്കഗനിഷന്, മുഖം സ്കാന്‍ ചെയ്യല്‍, ലോക്ക് സ്ക്രീന്‍ പിന് എന്നിവയില്‍ ഏതെങ്കിലും ഫീച്ചര്‍ ഉപയോഗിച്ച് മാത്രമേ ആമസോണ്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കൂ. നിലവിലുള്ള പാസ് വേര്‍ഡ് സംവിധാനത്തില്‍ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാസ് കീ സംവിധാനം ആമസോണും അവതരിപ്പിച്ചത്. കൂടാതെ സങ്കീര്‍ണമായ പാസ് വേര്‍ഡുകള്‍ മറന്നുപോകുമോ എന്ന ഭയവും ഇനി വേണ്ട.