നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍നേപ്പാള്‍ യാത്രകള്‍ തനിക്കുവേണ്ടി ഒരുക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്ത സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍താരം അജിത്. എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത് ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്. സുഗത് കുറിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്. 853 സിസി കപ്പാസിറ്റിയുള്ള എന്‍ജിന് 95 ബിഎച്ച്പി കരുത്തും 92 എന്‍എം ടോര്‍ക്കുമുണ്ട്.