അഭിനയത്തിനൊപ്പം പ്രഫഷനല്‍ റേസര്‍ കൂടിയായ തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഫെറാറിയുടെ എസ് എഫ് 90 സ്ട്രാഡേല്‍ സ്വന്തമാക്കിയിരിക്കുന്നു. ഈ സ്പോര്‍ട്സ് കാര്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ദുബായില്‍ നിന്നുമാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍കാറുകളിലെ തല എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വാഹനമാണ് എസ് എഫ് 90 സ്ട്രാഡേല്‍. ഫെറാറിയില്‍ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും ശക്തനായ വാഹനങ്ങളില്‍ ഒന്നാണിത്. എസ് എഫ് 90 സ്ട്രാഡേല്‍ ഒരു പ്ളഗ് ഇന്‍ ഹൈബ്രിഡ് വാഹനമാണ്. ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 4.0 ലീറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. ഇതേ എന്ജിന് തന്നെയാണ് ഫെറാറി പോര്‍ട്ടോഫിനോയിലും എഫ്8 ട്രിബുട്ടോയിലും ഉപയോഗിക്കുന്നത്. ഈ എന്‍ജിന്റെ പരമാവധി കരുത്ത് 780 പി എസ് ആണ്. പ്ളഗ് ഇന്‍ ഹൈബ്രിഡ് ആയതു കൊണ്ടുതന്നെ മൂന്നു ഇലക്ട്രിക് മോട്ടോറുകള്‍ ഈ വാഹനത്തില്‍ വരുന്നുണ്ട്. 220 പി എസ് ആണ് ഈ മോട്ടോറുകള്‍ ഉല്പാദിപ്പിക്കുന്നത്. എസ് എഫ് 90 സ്ട്രാഡേലിന്റെ പരമാവധി ടോര്‍ക്ക് 800 എന്‍എമ്മും 1000 പിഎസുമാണ്. 8 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തമായി റിവേഴ്സ് ഗിയര്‍ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. മുമ്പിലുള്ള ഇലക്ട്രിക്ക് മോട്ടോര്‍ ആണ് റിവേഴ്സ് സഞ്ചരിക്കാന്‍ സഹായിക്കുന്നത്. 7.9 കിലോവാട്ട്അവര്‍ ബാറ്ററി 26 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.
ഫെറാറിയുടെ എസ്എഫ് 90 സ്ട്രാഡേല്‍ സ്വന്തമാക്കി അജിത്
