വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി. സൂക്ഷ്മ കണികാ പദാര്‍ത്ഥം അല്ലെങ്കില്‍ പിഎം 2.5 തലച്ചോറില്‍ വീക്കം ഉണ്ടാക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ലെന്നും പ്രദേശങ്ങള്‍ക്കനുസരിച്ച് അതിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോളജി ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ തകരാറിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഉറക്കമില്ലായ്മ, വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. പഠനത്തില്‍ ഏകദേശം 22 ദശലക്ഷം ആളുകളുടെ യുഎസിലെ മെഡികെയര്‍ ഡാറ്റാസെറ്റില്‍ നിന്ന് ഏകദേശം 90,000 പേരെ ന്യൂറോളജിക്കല്‍ രോഗമുള്ളതായി ഗവേഷകര്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരെ അവരുടെ താമസസ്ഥലത്തിന്റെ അയല്‍പക്കത്തേക്ക് ജിയോകോഡ് ചെയ്തു. ഒരു വ്യക്തി വായു മലിനീകരണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും പിന്നീട് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പഠനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. സെന്‍ട്രല്‍ നോര്‍ത്ത് ഡക്കോട്ട, ടെക്‌സാസിന്റെ ചില ഭാഗങ്ങള്‍, കന്‍സാസ്, കിഴക്കന്‍ മിഷിഗണ്‍, ഫ്‌ലോറിഡയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് യുഎസ് സംസ്ഥാനങ്ങള്‍ക്കൊപ്പം മിസിസിപ്പി-ഓഹിയോ നദീതടവും പാര്‍ക്കിന്‍സണ്‍സ് രോഗബാധിത പ്രദേശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.