വരാനിരിക്കുന്ന യാത്രാ സീസണില്‍ വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് സെയില്‍’ ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 ലക്ഷം സീറ്റുകളാണ് കമ്പനി ഓഫര്‍ നിരക്കില്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് ഈ സെയിലിലൂടെ സ്വന്തമാക്കാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ മെയ് 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
