എ.ഐ നിര്‍മിത ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്ക് തേടുന്നവര്‍ക്ക് തിരിച്ചടിയാകാന്‍ മെറ്റയുടെ പുതിയ തീരുമാനം. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന എ.ഐ നിര്‍മിത ഇമേജുകളെ തിരിച്ചറിയാന്‍ പ്രത്യേകം ലേബല്‍ ചെയ്യുമെന്നാണ് മാതൃകമ്പനിയായ മെറ്റ അറിയിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള തെറ്റിദ്ധരിപ്പിക്കലും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നിര്‍മിതബുദ്ധിയുടെ ഇടപെടല്‍ സാങ്കേതിക മേഖലയില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യവും നിര്‍മിതവും വേര്‍തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബല്‍ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. നടി രശ്മിക മന്ദാനയുടെ ദൃശ്യമെന്ന പേരില്‍ ഡീപ് ഫേക് വിഡിയോ നിര്‍മിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, ഡീപ് ഫേകിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഡീപ് ഫേക് വിഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈയടുത്ത് സചിന്‍ തെണ്ടുല്‍കറുടെ ഡീപ് ഫേക് വിഡിയോ നിര്‍മിച്ച് പരസ്യം തയാറാക്കിയ ഗെയിമിങ് സൈറ്റിനെതിരെ കേസെടുത്തിരുന്നു.