സിനിമാ രംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഭാവന നായികയായി എത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഇപ്പോഴിതാ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുകയാണ് താരം. ‘ദ് ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനും. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും. ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവീന്‍ രാജനും ഭാവനയും ചേര്‍ന്നാണ് നിര്‍മാണം. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുന്‍നിര നായികയാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു താരം.