രാജ്യത്തെ ആഭ്യന്തര റീട്ടെയില്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്- 4ല്‍ നിന്നും ബിഎസ്- 6ലേക്ക് ചുവടുവച്ചതിനുശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 25.71 ശതമാനം വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഇതോടെ, നവംബര്‍ മാസത്തില്‍ 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് എല്ലാ ശ്രേണികളിലുമായി നിരത്തിലെത്തിയത്. 2020 നവംബറില്‍ 19.66 ലക്ഷം യൂണിറ്റുകളും, 2019 നവംബറില്‍ 23.44 ലക്ഷം യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഉത്സവ കാലം, ഡിസംബറിലേക്ക് നീണ്ട വിവാഹ സീസണ്‍, മൈക്രോ ചിപ്പുകളുടെ ക്ഷാമത്തിലെ അയവ് എന്നിവയാണ് ആഭ്യന്തര വാഹന വിപണിയില്‍ ഉല്‍പ്പാദനത്തിലും വിതരണത്തിലും ഉണര്‍വ് ഉണ്ടാകാന്‍ കാരണമായത്.