കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന എട്ട് ഹാര്‍ബര്‍ ടഗ്ഗുകള്‍ പോര്‍ട്സ് വാങ്ങുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡും അദാനി പോര്‍ട്സും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2026 ഡിസംബറിനും 2028 മെയ് മാസത്തിനും ഇടയിലാണ് ഹാര്‍ബര്‍ ടഗ്ഗുകള്‍ കൈമാറ്റം ചെയ്യുക. പദ്ധതിയുടെ ആകെ മൂല്യം 450 കോടി രൂപയാണ്. അദാനി പോര്‍ട്ട്‌സ് ഇന്ത്യയില്‍ നല്‍കുന്ന ഇത്തരത്തിലുളള ഏറ്റവും വലിയ ഓര്‍ഡറാണ് ഇത്. തുറമുഖങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ് ഹാര്‍ബര്‍ ടഗ്ഗുകള്‍. അപ്പര്‍ സര്‍ക്യൂട്ടില്‍ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനായി രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ അസിമുത്തിംഗ് സ്റ്റേണ്‍ ഡ്രൈവ് ടഗ്ഗുകളുടെ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്സും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തമ്മില്‍ നേരത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് ടഗ്ഗുകളും ഷെഡ്യൂളിന് മുമ്പേ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയിരുന്നു. പാരദീപ് തുറമുഖത്തും ന്യൂ മംഗലാപുരം തുറമുഖത്തുമാണ് ഈ ടഗ്ഗുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് എ.എസ്.ഡി ടഗ്ഗുകളുടെ നിര്‍മ്മാണം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ അദാനി പോര്‍ട്സില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ച ടഗ്ഗുകളുടെ ഓര്‍ഡറുകളുടെ എണ്ണം 13 ആയി.