ഫോബ്‌സ് ഏഷ്യ പുറത്തുവിട്ട ഏഷ്യയിലെ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ ഗൗതം അദാനി, ശിവ് നാടാര്‍, അശോക് സൂട്ട എന്നിവര്‍. മലേഷ്യന്‍- ഇന്ത്യന്‍ ബിസിനസുകാരനായ ബ്രഹ്മല്‍ വാസുദേവനും ഭാര്യയും അഭിഭാഷകയുമായ ശാന്തി കന്‍ഡിയയും പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണില്‍ 60 വയസ്സ് തികഞ്ഞപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 60,000 കോടി രൂപ മാറ്റിവെക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. 1996ല്‍ സ്ഥാപിതമായ അദാനി ഫൗണ്ടേഷന്‍ മുഖേനയാണ് സഹായം നല്‍കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയിലെ 37 ലക്ഷം പേര്‍ക്കാണ് സഹായം നല്‍കുക. ശിവ്‌നാടാര്‍ വര്‍ഷങ്ങളായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. ഈ വര്‍ഷം 11,600 കോടിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. ടെക് ഭീമനായ അശോക് സൂട്ട 600 കോടി രൂപയാണ് വാര്‍ധക്യം, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്നതിന് താന്‍ സ്ഥാപിച്ച മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുന്നത്.