പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളായ ആക്ടിവ ഇ, ക്യൂസിവണ് എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ആക്ടിവ ഇ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടര്‍ 1,000 രൂപ അടച്ച് ബുക്ക് ചെയ്യാം. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്സ്പോ 2025 ല്‍ ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില പ്രഖ്യാപിക്കും. ഡെലിവറി ഫെബ്രുവരിയിലാണ് ആരംഭിക്കുക. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഹോണ്ട ആക്ടിവ ഇയുടെ ഏറ്റവും വലിയ പ്രത്യേകത. പേള്‍ സെറനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളിലാണ് ക്യൂസിവണ് നിരത്തില്‍ എത്താന്‍ പോകുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയും ആദ്യ വര്‍ഷത്തേക്ക് മൂന്ന് സൗജന്യ സര്‍വീസുകളും ലഭിക്കും.