ആറു മുളയില്‍ എഴുന്നളളിയ ആറന്മുളയപ്പന്‍
നൊസ്റ്റാള്‍ജിയ ഐതിഹ്യപ്പെരുമ

ആറന്മുളക്ഷേത്രത്തെ മനസില്‍ സൂക്ഷിക്കുന്നവര്‍ക്കിടയില്‍ പ്രാദേശിക, ജാതീയവികാരങ്ങളേക്കാള്‍ ഐതിഹ്യങ്ങളിലൂടെ മനസില്‍ ഇടം പിടിച്ച തിരുവാറന്മുളയപ്പനോടുളള സ്നേഹമാണ് കൊടിമരത്തോളം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ആറന്മുളയുടെ, ആറന്മുളക്ഷേത്രത്തിന്റെ ചില ഐതിഹ്യങ്ങളിലൂടെ….

മീനമാസത്തിലെ ഉത്സവഒരുക്കങ്ങളിലാണ് ആറന്മുളക്ഷേത്രം. സല്‍ക്കാരപ്രിയനെന്നു പ്രശസ്തി നേടിയ ഭാവമാണ് പാര്‍ത്ഥസാരഥീരൂപമെടുത്ത വിഗ്രഹത്തിന്. കുരുക്ഷേത്രയുദ്ധത്തില്‍ ആയുധമെടുക്കില്ല എന്നു സത്യം ചെയ്തിരുന്നെങ്കിലും കൗരവരുടെ അധര്‍മ്മങ്ങള്‍ കണ്ട് മനസു മടുത്ത് ചക്രായുധം കയ്യിലെടുത്ത കൃഷ്ണരൂപമായാണ് ഐതിഹ്യങ്ങളില്‍ തിരുവാറന്മുളയപ്പന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

മഹാഭാരതത്തിന്റെ പുരാവൃത്തം
ആറന്മുളയില്‍ പ്രതിഷ്ഠ നടത്തിയത് സാക്ഷാല്‍ അര്‍ജ്ജുനന്‍ തന്നെയാണത്രെ. ആ കഥയുടെ കാലം കുരുക്ഷേത്രയുദ്ധത്തിനും ശേഷമുണ്ടായ പതിറ്റാണ്ടുകളാണ്. അര്‍ജ്ജുനന്റെ പുത്രനായ പരീക്ഷിത്തിനെ രാജ്യമേല്‍പ്പിച്ച് പാണ്ഡവര്‍ തീര്‍ത്ഥാടനത്തിനിറങ്ങിയ കാലം. അക്കാലത്ത് പഞ്ചപാണ്ഡവര്‍ കേരളത്തിലുമെത്തി. യുദ്ധകാലത്ത് ചെയ്യേണ്ടിവന്ന പാപങ്ങളുടെ പരിഹാരം തേടിയുളള യാത്രയായതിനാല്‍ ഓരോ പാണ്ഡവനും കേരളത്തിലെ ഓരോ സ്ഥലത്തായി ഓരോ പ്രതിഷ്ഠ നടത്താന്‍ തീരുമാനമെടുത്തു. അങ്ങനെ യുധിഷ്ഠിരന്‍ ചെങ്ങന്നൂരിനടുത്ത് തൃച്ചിറ്റാട്ടും ഭീമന്‍ തിരുപ്പുലിയൂരും തെരഞ്ഞെടുത്തപ്പോള്‍ അര്‍ജ്ജുനന്‍ പമ്പാതീരത്തെ ഒരു മനോഹരപ്രദേശമാണ് തെരഞ്ഞെടുത്തത്. അര്‍ജ്ജുനന്‍ ആദ്യം ക്ഷേത്രം പണിതത് ശബരിമലയ്ക്കടുത്ത് നിലയ്ക്കലിലായിരുന്നു. അവിടെ നിന്ന് ആറു മുള ചേര്‍ത്തു കെട്ടിയ ചങ്ങാടത്തില്‍ ആഘോഷമായി പമ്പയിലൂടെ വിഗ്രഹമെത്തിച്ചാണ് വിധിപ്രകാരം പ്രതിഷ്ഠിച്ചത്. ആറുമുളയിലെത്തിയ ഭഗവാന് ആറന്മുളയപ്പന്‍ എന്ന പേരും അതില്‍ നിന്നു ലഭിച്ചത്രെ.
അങ്ങനെ യുദ്ധസന്നദ്ധനായ ഭാവത്തിലുളള ആറന്മുളയപ്പന് എങ്ങനെയാണ് അന്നദാനത്തില്‍ ഇത്രയേറെ ശ്രദ്ധ വന്നത്? ആ ചോദ്യത്തിന് ഐതിഹ്യത്തില്‍ ഉത്തരമില്ല.

കാലങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ തിരുവല്ല തഹസില്‍ദാരായിരുന്ന കേശവപിള്ള ഉതൃട്ടാതി വളളംകളി തുടങ്ങും മുന്‍പ് ഒത്തുകൂടിയ ജനങ്ങളോട് ആറന്മുളയപ്പന്റെ അമ്പലം ചെമ്പുമേയാന്‍ യഥാശക്തി ധനസഹായം നല്‍കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ജനക്കൂട്ടത്തിലൊരാള്‍ ഈ ഉദ്യമം ഭോഷത്വവും അനാവശ്യവുമാണെന്ന് പറഞ്ഞു. സര്‍ക്കാരാണ് ക്ഷേത്രം ചെമ്പുമേയാന്‍ പണം ചിലവാക്കേണ്ടതെന്നും അല്ലാതെ ജനങ്ങളെ ഉപദ്രവിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അയാള്‍ പരിഹസിച്ചു. ഇതുകേട്ട് ഭക്തനായ തഹസില്‍ദാര്‍ വിഷണ്ണനായി. എന്നാല്‍ പണം നല്‍കാന്‍ ആവില്ലെന്നു പറഞ്ഞയാള്‍ വെട്ടിയിട്ട മരം പോലെ ബോധരഹിതനായി വീണു. അതോടെ മറ്റുളളവര്‍ പണം നല്‍കാന്‍ സന്നദ്ധരായി. എന്നാല്‍ എന്തെല്ലാം മരുന്ന് പ്രയോഗിച്ചിട്ടും ബോധരഹിതനായ ആള്‍ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പ്രശ്നവിധിപ്രകാരം അയാളുടെ വീട്ടുകാര്‍ തഹസില്‍ദാരോട് ക്ഷമായാചനം ചെയ്യുകയും അമ്പലം ചെമ്പു പൂശാന്‍ ഒരു സംഖ്യ നല്‍കുകയും അമ്പലത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. അതോടെ അയാള്‍ക്കു ബോധം വീണു. പക്ഷേ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വൈകാതെ മരിക്കുകയും ചെയ്തു. ഇതോടെ എല്ലാവരും ചോദിക്കാതെ തന്നെ പണം നല്‍കി. എന്തായാലും നാലമ്പലം ചെമ്പു പൂശണമെന്നുമാത്രമാണ് ആഗ്രഹിച്ചതെങ്കിലും പണം ബാക്കിയായതിനാല്‍ വിളക്കുമാടത്തിനും ചെമ്പിടുവിച്ചു. ഇന്നും ജനങ്ങള്‍ തിരുവാറന്മുളയപ്പനോടൊപ്പമാണ്. ആറന്മുളയപ്പന്‍ അവര്‍ക്കൊരു വികാരമാണ്, അവരുടെ സര്‍വ്വസ്വവുമാണ്. ആറന്മുളയപ്പനും അതുപോലെതന്നെ നാട്ടുകാരുടെ ക്ഷേമത്തിലാണു തൃപ്തി.
ആറന്മുളയപ്പന്

വഴിപാടെന്നു സങ്കല്‍പിച്ച്, കുട്ടികള്‍ക്കു തേച്ചു കുളിക്കാന്‍ എണ്ണയും കുളികഴിഞ്ഞു വരുമ്പോള്‍ വിഭവസമൃദ്ധമായ സദ്യയും വസ്ത്രവും മറ്റും നല്‍കിയാല്‍ ദേവന്‍ പ്രസാദിക്കുകയും ഉദ്ദിഷ്ഠകാര്യം നടക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ വഴിപാട് ഇപ്പോഴും ധാരാളമായി നടക്കുന്നുണ്ട്. കുട്ടികളുണ്ടാകാനും കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ മാറാനുമാണ് സാധാരണ ഈ വഴിപാട് നടത്തുന്നത്. ഇതിന് ഇത്ര കുട്ടികള്‍ വേണമെന്നില്ല. ജാതിമതഭേദവും തിരുവാറന്മുളയപ്പനില്ല.
നവജാതശിശുക്കള്‍ക്ക് കുടിക്കാന്‍ അമ്മമാരുടെ മുലയില്‍ പാലുണ്ടാകാനും ഇവിടെ വഴിപാടുകളുണ്ട്. മഞ്ചാടിക്കുരു കൊണ്ടുവന്ന് നടയില്‍ കൂട്ടുന്നതും അമ്പലക്കടവിലെ തിരുമക്കളെന്നു വിളിക്കുന്ന മത്സ്യങ്ങള്‍ക്ക് അരിയും തേങ്ങ ചിരവിയതും ചേര്‍ത്ത് കൊടുക്കുന്നതും മുലപ്പാലുണ്ടാകാനുളള വഴിപാടുകളാണ്. ഈ മത്സ്യങ്ങളെ ആരെങ്കിലും വല വീശി പിടിച്ചാല്‍ ദേവകോപമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഊരാളന്റെ ഉപവാസം
ചിങ്ങമാസത്തിലെ തിരുവോണനാള്‍ മലയാളികള്‍ ഉളളിടത്തെല്ലാം വിഭവസമൃദ്ധമായ സദ്യയൊരുക്കി ആഘോഷിക്കുമ്പോള്‍ ആറന്മുള ക്ഷേത്രത്തിലെ ഊരാളന്‍മാരുടെയും കാരാളന്‍മാരുടെയും പ്രതിനിധികള്‍ ക്ഷേത്രത്തില്‍ ഉപവാസമനുഷ്ഠിക്കുന്നു. കാലങ്ങള്‍ക്കു മുന്‍പ് ഭഗവാന്റെ ഭക്തയായ ചണ്ഡാലസ്ത്രീക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിച്ചതിന്റെ പ്രായശ്ചിത്തമാണിത്.

വളളംകളി
ആറന്മുള എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസിലെത്തുന്നത് ആറന്മുള വളളംകളിയാണ്. ആറന്മുളയിലെ തിരുവോണത്തോണിയും സദ്യയും അതുപോലെതന്നെ പ്രസിദ്ധമാണ്. ചിങ്ങ മാസത്തിലെ തിരുവോണം മുതല്‍ ഉതൃട്ടാതി വരെയാണ് വളളംകളി. തിരുവോണസദ്യയ്ക്കുളള സാധനങ്ങളെല്ലാം കാട്ടൂര്‍ എന്ന സ്ഥലത്തെ ദേവസ്വം മഠത്തില്‍ ശേഖരിച്ചു വയ്ക്കുകയും അവിടെനിന്ന് അവയെല്ലാം വലിയ കെട്ടുവളളങ്ങളിലാക്കി ഉത്രാടനാള്‍ രാത്രിയില്‍ പുറപ്പെട്ടു തിരുവോണദിവസം പുലര്‍ച്ചയ്ക്ക് ആറന്മുള കടവിലടുക്കും. ഏതാനും കളിവളളങ്ങളും ഈ വളളത്തെ അനുഗമിക്കും. കുരവയും ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടും കളികളുമായി ആഘോഷമായാണ് തിരുവോണത്തോണിയെത്തുക. തിരുവോണത്തെക്കാള്‍ കേമമാണ് ആറന്മുളയില്‍ ഉതൃട്ടാതി. അന്ന് ഭഗവാന്റെ തിരുനാളാണെന്നാണ് സങ്കല്‍പം.

വളളസദ്യ
വളളസദ്യ എന്നൊരു വഴിപാടും ഇവിടെയുണ്ട്്്. വളളങ്ങളില്‍ എത്തുന്ന തുഴക്കാരെ നിറപറയും നിലവിളക്കും വെച്ച് എതിരേറ്റ്്് തുഴക്കാര്‍ക്ക്്് മുറുക്കാനും തേച്ചുകുളിക്കാന്‍ എണ്ണയും ഇഞ്ചയും നല്‍കണം. കുളി കഴിഞ്ഞെത്തുമ്പോള്‍ വിഭവസമൃദ്ധമായ സദ്യ നല്‍കണം. കറികള്‍ക്കു പുറമെ അപ്പം, വട, എളളുണ്ട, ബോളി, പഴംനുറുക്ക്്്, പഞ്ചസാര, നാലു കൂട്ടം പ്രഥമന്‍, എട്ടു കൂട്ടം ഉപ്പേരി എന്നിവയും വേണം. തിരികെ പോകുമ്പോള്‍ വളളത്തിലിരുന്ന് കഴിക്കാന്‍ അവല്‍ നനച്ചതും മുറുക്കാനും കൊടുത്തു വിടണം.
ആറന്മുളയിലെ ‘ജനക്കാര്‍ക്ക്്് പണമോ പലഹാരങ്ങളോ അവല്‍പ്പൊതിയോ നല്‍കുക എന്നതും വഴിപാടാണ്. ക്ഷേത്രത്തിന്റെ പ്രധാന നടയില്‍ നിന്നു മതില്‍ക്കകത്തു കയറാന്‍ 18 പടികളുണ്ട്. പതിനെട്ടാംപടി എന്നാണ് ഇതറിയപ്പെടുന്നത്്. ഉത്സവക്കാലത്ത്് ചിലര്‍ പഴക്കുല കൊണ്ടുവന്ന്് പതിനെട്ടാംപടിയുടെ മുകളില്‍ നിന്നു കുലുക്കും. ആ സമയം കുട്ടികളും അഗതികളുമടക്കം ധാരാളം പേര്‍ പഴം എടുക്കാനെത്തും. അങ്ങനെ ഭക്തരെ ഊട്ടാനും അവരുടെ സൗഖ്യത്തിനുമാണ് തിരുവാറന്മുളയപ്പന്‍ എന്നും പ്രാധാന്യം കല്‍പിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *