ആനറാഞ്ചി
മിത്തുകള്‍, മുത്തുകള്‍- 19
വടക്കന്‍പാട്ടുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ഇരുടുമല കോവിലകത്തെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാനയെ ആരോ മോഷ്ടിച്ചു. വിവരമറിഞ്ഞ കോവിലകത്തെ തമ്പുരാന്‍ കോപിച്ചു വിറതുള്ളി. തിരുവായ്ക്ക് എതിര്‍വായില്ലാത്ത കാലമാണ്. അതൊന്നും വക വയ്ക്കാതെയാണ് ആനക്കൊട്ടിലില്‍നിന്ന് ആനയെ റാഞ്ചിയിരിക്കുന്നത്.
കോവിലകത്തെ കാര്യസ്ഥരും നായന്മാരും ആനപാപ്പാന്മാരുമെല്ലാം നാടായ നാടെല്ലാം ഓടിനടന്ന് ആനയെ തെരഞ്ഞു. ഒടുവില്‍ വിവരം ലഭിച്ചു. ആനയെ റാഞ്ചിയത് തച്ചോളി ഒതേനനാണെന്ന്.
ഒതേനനെ ഇനി വെറുതെവിട്ടാല്‍ പറ്റില്ല. ചതിച്ചായാലും അവന്റെ തലയെടുക്കണം. തമ്പുരാന്‍ മനസില്‍ ഉറച്ച തീരു മാനമെടുത്തു. അവനെ കൊല്ലാന്‍ തന്റെ കീഴിലുള്ള പടയാളികളെയും നായന്മാരെയും ഒന്നിച്ചയച്ചാലും തോറ്റമ്പു കയേയുള്ളൂ. തന്ത്രപൂര്‍വം പിടികൂടി കെട്ടിത്തൂക്കിക്കൊല്ലണം. ഏറെ ആലോചിച്ചശേഷം അദ്ദേഹം അതിനുള്ള തന്ത്രം ആവിഷ്‌കരിച്ചു.
ആരെയും വശീകരിക്കാന്‍ കഴിവുള്ള അതിസുന്ദരിയായ ചന്ദനച്ചോലയില്‍ കുങ്കമ്മയെ തമ്പുരാന്‍ കോവിലകത്തേക്ക് വിളിച്ചുവരുത്തി. ഒരപ്‌സരസിനെപ്പോലെ അവള്‍ തൊഴുകൈയോടെ തമ്പുരാന്റെ മുന്നില്‍ അവല്‍ വന്നുനിന്നു.
‘നിന്റെ സൗന്ദര്യം അപാരംതന്നെ, നിന്നെ ഞാന്‍ ഈ കോവിലകത്തെ കെട്ടിലമ്മയാക്കും. എന്താ?’ തമ്പുരാന്റെ വാക്കുകള്‍ കേട്ട് കുങ്കമ്മ ഞെട്ടിപ്പോയി. തന്നെ കോവിലകത്തെ കെട്ടിലമ്മയാക്കുമെന്നാണു തമ്പുരാന്‍ പറഞ്ഞത്. അവള്‍ക്കത് അവിശ്വസനീയമായിരുന്നു. ഇത്രയും വലിയ മഹാഭാഗ്യം തനിക്കു ലഭിക്കുമെന്നോ? സ്വപ്നം കാണുകയാണോ? കാര്യമെന്തെന്നു പിടികിട്ടാതെ അവള്‍ പകച്ചുനിന്നു.
‘അതേ കുങ്കുമ്മേ, നീയിവിടത്തെ കെട്ടിലമ്മയാകും. പക്ഷേ, ഒരുകാര്യം ചെയ്യണം. നമ്മുടെ ആനയെ കട്ടുകൊണ്ടുപോയ ആ ഒതേനനെ പിടിച്ചുകെട്ടാന്‍ നീ സഹായിക്കണം. എന്താ പറ്റ്വോ?’
‘നൂറുവട്ടം സമ്മതാണ്, തിരുമേനീ. അങ്ങു കല്പ്പിക്കുന്നതെന്തും ചെയ്യാന്‍ അടിയന്‍ തയാറാണ്’. കിട്ടാനിരിക്കുന്ന കെട്ടിലമ്മസ്ഥാനം കുങ്കുമ്മയെ ശരിക്കും ലഹരിപിടിച്ചു. ഒതേനനെ എങ്ങനെ തന്ത്രപൂര്‍വം ബന്ധനസ്ഥനാക്കാമെന്ന കൗശലം തമ്പുരാന്‍ അവളോട് വിവരിച്ചു. കുങ്കമ്മ എല്ലാം തലകുലുക്കി സാകൂതം കേട്ടു.
പിറ്റേന്നുതന്നെ ഒതേനനെ പിടികൂടാമെന്നുപറഞ്ഞ് അവള്‍ യാത്രയായി. അവള്‍ ഒതേനന്റെ അടുക്കലേക്ക് നാലു നായന്മാരെ അയച്ചു. അല്പം കുരുമുളക് അരച്ച് വാഴയിലയില്‍ പൊതിഞ്ഞ് അവര്‍ക്ക് നല്കിയിരുന്നു. തച്ചൊളി വീടിനടുത്തെത്താറായ പ്പോള്‍ നായന്മാര്‍ ഇലപ്പൊതിയിലെ കുരുമുളക് കണ്ണില്‍ തേച്ച് അലമുറയിട്ട് നിലവിളിക്കാന്‍ തുടങ്ങി. തങ്ങളുടെ യജമാനത്തിയായ കുങ്കമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചിരിക്കുന്നുവെന്നു വിലപിച്ചാണ് അവര്‍ കണ്ണീരൊഴുക്കുന്നത്. നായന്മാരുടെ വെളിപ്പെടുത്തലുകളും നിലവിളിയും കേട്ട് ഒതേനന്‍ ഓടിയെത്തി. കുങ്കമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ ഒതേനനു ദുഃഖം.
‘അങ്ങയെ ഒരുനോക്കുകാണാന്‍ മോഹമുണ്ടെന്ന് കുങ്കമ്മ തമ്പുരാട്ടി പറഞ്ഞു’ -നായന്മാര്‍ ഒതേനനോടു പറഞ്ഞു. പിന്നെ അമാന്തിച്ചില്ല. രോഗിയെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കാന്‍ ഒതേനന്‍ വച്ചുവിട്ടു, ചന്ദനച്ചോലയില്‍ കുങ്കമ്മയുടെ വീട്ടിലേക്ക്.
രോഗബാധിതയാണെന്ന് നായന്മാര്‍ പറഞ്ഞിരുന്ന കുങ്കമ്മ വീട്ടുപടിക്കല്‍തന്നെ നില്ക്കുന്നതാണ് ഒതേനന്‍ ദൂരെനിന്നുതന്നെ
കണ്ടത്. ഇതെന്തു കഥയെന്നു തോന്നിയെങ്കിലും അദ്ദേഹം മുന്നോട്ടു നടന്നു. പ്രണയപാരവശ്യത്തോടെ കാമുകനെ കാത്തുനില്ക്കുന്ന കാമിനിയേപ്പോലെ അവള്‍ അരികിലേക്കോടി വന്നു. ഒതേനനെ കാണാനുള്ള കൊതി മൂലമാണ് അസുഖമാണെന്നു നുണപറഞ്ഞ് നായന്മാരെ അയച്ചതെന്ന് അവള്‍ വിശദീകരിച്ചു. നുണപറഞ്ഞതിനു മാപ്പപേക്ഷിച്ച് ഒതേനനെ വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി നന്നായി സത്കരിച്ചു.
രാത്രി അത്താഴം കഴിഞ്ഞ് നാലുംകൂട്ടി മുറുക്കിയശേഷം ഒതേനന്‍ ഉറങ്ങാന്‍ കിടന്നു. യാത്രീക്ഷീണംമൂലം പെട്ടെന്നു തന്നെ ഉറങ്ങി. കുങ്കമ്മ പിന്നെ അമാന്തിച്ചില്ല. ഉറങ്ങാനുള്ള മയക്കുമരുന്ന് ഒതേനന്റെ മുഖത്തു തളിച്ചു. ഇനി കുറേനേരത്തേക്ക് ഉണരില്ല.
നേരത്തെതന്നെ തമ്പുരാനും കുങ്കമ്മയും ശട്ടംകെട്ടിയിരുന്ന നായന്മാരെ വിളിച്ചുവരുത്തി. അവര്‍ ഒതേനന്റെ കൈകാലുകളില്‍ ചങ്ങലകൊണ്ടു വരിഞ്ഞുകെട്ടി. ചങ്ങലയ്ക്കിടുന്നതിനിടയില്‍ അദ്ദേഹം ഞെട്ടിയുണര്‍ന്നെങ്കിലും ഉറക്കമരുന്നിന്റെ ശക്തിമൂലം വീണ്ടും മയക്കത്തിലേക്കു വഴുതിവീണു. കുതറി മാറാന്‍പോലും കഴിഞ്ഞില്ല.
ബന്ധിതനായ ഒതേനനെ നായന്മാര്‍ താങ്ങിയെടുത്ത് ഇരുടുമല കോവിലകത്തെ തമ്പുരാന്റെ സന്നിധിയിലെത്തിച്ചു. ചങ്ങലക്കെട്ടുകള്‍ അഴിക്കാതെ വെളിച്ചം കടക്കാത്ത ഒരു കല്ലറയില്‍ അടച്ചിടാനാണ് തമ്പുരാന്‍ ഉത്തവി ട്ടത്. ഒതേനനെ കല്ലറയില്‍ തള്ളിയശേഷം തമ്പുരാന്റെ നിര്‍ദേശമനുസരിച്ച് നായന്മാര്‍ രായ്ക്കുരാമാനം കഴുമരം തയാറാക്കുന്ന പണി തുടങ്ങി. പിറ്റേന്ന് ഒതേനനെ തൂക്കിക്കൊല്ലാന്‍.
ഒതേനനെ ബന്ധനസ്ഥനാക്കി തമ്പുരാന്‍ കാരാഗ്രഹത്തിലടച്ചത് ആ രാത്രിതന്നെ കാവിലെ ചാത്തോത്തെ കുഞ്ഞികുങ്കി അറിഞ്ഞു. തൂക്കിക്കൊല്ലുംമുമ്പേ അദ്ദേഹത്തെ രക്ഷിക്കണം. അവള്‍ തീരുമാനിച്ചു.
കൈനോട്ടവും ഭാവിപ്രവചനവും നടത്തുന്ന മലംകുറത്തിയുടെ വേഷമണിഞ്ഞ് കുങ്കി പടിയിറങ്ങി. കീറിപ്പൊളിഞ്ഞ ഒരോലക്കുടയും ഊന്നിനടക്കാന്‍ വടിയും ഒരു കുട്ടയും കൂടെയെടുത്തു. ഇരുതലമൂര്‍ച്ചയുള്ള ഉറുമി വളച്ചുചുറ്റി കുട്ടയില്‍വച്ചു. ആരും കാണാതിരിക്കാന്‍ കുട്ടയില്‍ ഉറുമിക്കുമീതെ ഒരു പഴന്തുണിയുമിട്ടു.
അവള്‍ നേരെ പോയത് ഇരുട്മല കോവിലകത്തെ തമ്പുരാന്റെ കൊട്ടാരത്തിലേക്കാണ്. കോവിലകത്തെ ആനയെ ഒതേനന്‍ റാഞ്ചിയെന്നും അയാളെ പിടിച്ചുകെട്ടിയിട്ടുണ്ടെന്നും കുങ്കി പ്രവചനം പറയുന്നതുപോലെ പറഞ്ഞു. ഒതേനനെ പിടികൂടിയെന്ന പരമരഹസ്യം അറിഞ്ഞ ദിവ്യജ്ഞാനിയാണു മലംകുറത്തിയെന്ന് തമ്പുരാനു ബോധ്യമായി.
‘ഒതേനനെ ചുമ്മാ തൂക്കിക്കൊന്നാല്‍ ഈ കോവിലകത്തിനു ദോഷമുണ്ടാകും. ദോഷം ഒഴിവാക്കാന്‍ ഒരു വഴിയുണ്ട്. ഒതേ നന് ചോറു കൊടുക്കണം. ഉണ്ണുമ്പോള്‍ ഞാനൊരു മന്ത്രം ചൊല്ലും. അപ്പോള്‍ ദോഷമൊഴിയും. അയാളുണ്ടതിന്റെ ബാക്കി ചോറ് എനിക്കു തരികയും വേണം’.
തമ്പുരാന്‍ സമ്മതിച്ചു. കല്ലറ തുറന്ന് ഒതേനനെ പുറത്തുവരുത്തി. കൈകാലുകളില്‍ ചങ്ങലകള്‍ വരിഞ്ഞുചുറ്റിയി രുന്നതിനാല്‍ നിവര്‍ന്നു നില്ക്കാനോ നടക്കാനോ കഴിയാതെ ഒതേനന്‍ വിഷമിച്ചു.
”ങാ! ചോറ് കൊടുക്കാന്‍ കൈയിലെ ചങ്ങല അഴിക്കെടോ. കാലിലേത് അഴിക്കേണ്ടാ”, കുറത്തിയുടെ വേഷത്തില്‍നിന്ന കുങ്കി ആജ്ഞാപിച്ചു. നായന്മാര്‍ അനുവാദത്തിനായി തമ്പുരാനു നേരെ നോക്കി. അദ്ദേഹം സമ്മതം പ്രകടിപ്പിച്ചുകൊണ്ട് തലകുലുക്കി.
അവര്‍ ഒതേനന്റെ കൈകളിലെ ചങ്ങലപ്പൂട്ടുകളഴിച്ചു. ഒരു ഇലച്ചീന്ത് നീട്ടിവച്ചു. കുന്നുപോലെ ചോറുവിളമ്പി. തന്റെ കൊലച്ചോറാണിതെന്നു തിരിച്ചറിഞ്ഞ ഒതേനന് കഷ്ടിച്ച് ഒന്നോ രണ്ടോ ഉരുള ചോറ് മാത്രമേ ഉണ്ടുള്ളൂ. വിമ്മിട്ടപ്പെടുന്ന ഒതേനനുമുന്നില്‍നിന്ന് കുറത്തിയുടെ വേഷം കെട്ടിയ കുങ്കി ചില മന്ത്രങ്ങള്‍ ഉരുവിട്ടു.
താന്‍ കുങ്കിയാണെന്നും തൊട്ടടുത്തിരിക്കുന്ന തന്റെ പഴന്തുണിക്കൊട്ടയില്‍ ഉറുമിയുണ്ടെന്നും ഉടനേ രക്ഷപ്പെടണ മെന്നുമായിരുന്നു അവള്‍ മറ്റാര്‍ക്കും മനസിലാക്കാനാകാത്ത മന്ത്രമെന്ന മട്ടില്‍ ഉച്ചരിച്ചത്.
കുങ്കിയുടെ മന്ത്രോച്ചാരണം കേട്ട ഉടനേ ഒതേനന്‍ ചാടിവീണ് കൊട്ടയില്‍നിന്ന് ഉറുമിയെടുത്തു. കാലിലെ ചങ്ങല ഉറുമിത്തലകൊണ്ടു കൊത്തിയകറ്റി. ഒതേനന്‍ ബന്ധനമുക്തനാകുന്നതുകണ്ട് നായന്മാര്‍ വാളുമായി പാഞ്ഞടുത്തു. അപ്പോഴേക്കും അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞിരുന്നു. അരികിലെത്തിയ നായന്മാരെയെല്ലാം ഒതേനന്‍ ഉറുമിവീശി കൊത്തിയരിഞ്ഞു. ഓടിയൊളിക്കാന്‍ ശ്രമിച്ച തമ്പുരാനെയും വെറുതെവിട്ടില്ല.
ഇരുടുമല കോവിലകത്തെ സകല ജീവജാലങ്ങളോടും കണക്കുതീര്‍ത്ത ഉറുമിയുമായി അദ്ദേഹം പിന്നെ പോയത് തന്നെ ചതിച്ച കുങ്കമ്മയുടെ വീട്ടിലേക്കാണ്. രക്തത്തില്‍ കുളിച്ച ഉറുമിയുമായി ഒതേനന്‍ ജീവനോടെ തിരിച്ചുവരു ന്നതുകണ്ടപ്പോഴേ അവള്‍ ജീവച്ഛവമായി. കൊടുങ്കാറ്റുപോലെ പാഞ്ഞടുത്ത ഒതേനന്‍ അവളെയും കൊത്തിയരിഞ്ഞാണു സ്ഥലംവിട്ടത്.