ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ ആണ് ആധാർ ഒഴിവാക്കിയത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തി. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍ പരിശോധനാ രേഖയാണ്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും ആധാറിനെ ജനന തീയ്യതി നിര്‍ണയത്തിനുള്ള രേഖയായി കണക്കാക്കാതിരിക്കാനുള്ള തീരുമാനത്തിന് ശക്തി പകരുന്നതാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്.