ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിലുള്ള ഒരു തമിഴ് ഗാനത്തിന്റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ‘മാരന്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന്‍ ആണ്. ഭൂമിയുടേതാണ് സംഗീതം. സിദ് ശ്രീറാമിനൊപ്പം ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്‌നോളജി ജീവിതത്തിനുമേല്‍ വലിയ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നടന്‍ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ തെലുങ്കില്‍ നായികയാവുന്നത് അനിഖ സുരേന്ദ്രന്‍ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തത്തി. ‘ബുട്ട ബൊമ്മ’ എന്നാണ് കപ്പേളയുടെ തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‌സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു. അനിഖയുടെ കഥാപാത്രം മാത്രമാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.
മൂന്നു മാസത്തിനിടയിലെ മികച്ച മുന്നേറ്റം നടത്തി ഓഹരി വിപണി സൂചികകള്‍. ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവ 2.5 ശതമാനത്തിലേറെ ഉയര്‍ന്നു. ബാങ്കിങ്, ഐടി, ഓയില്‍ ഓഹരികള്‍ നല്ലപ്രകടനം കാഴ്ചവച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവലിന്റെ ജാക്‌സന്‍ ഹോള്‍ പ്രഖ്യാപനത്തിന്റെ ആഘാതത്തില്‍ ഓഹരി വിപണി കഴിഞ്ഞ ദിവസം കനത്ത തകര്‍ച്ച നേരിട്ടിരുന്നു. ഇന്നലെ സെന്‍സെക്‌സ് 1,564.45 പോയിന്റ് ഉയര്‍ന്ന് 59,537.07 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 446.40 പോയിന്റ് കയറി 17,759.30ലും ക്ലോസ് ചെയ്തു. ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ എച്ച്ഡിഎഫ്‌സി എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യയിലെ മറ്റു വിപണികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വര്‍ധന 5.68 ലക്ഷം കോടി രൂപയാണ്. വിപണിയിലെ മുന്നേറ്റം രൂപയ്ക്കും കരുത്തായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 39 പൈസ നേട്ടത്തോടെ 79.52ല്‍ എത്തി.
ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റുകള്‍ ടൊയോട്ട നിര്‍ത്തലാക്കിയതായി അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കാത്തിരിപ്പ് കാലാവധി കൂടിയതാണ് ഇന്നോവയുടെ ബുക്കിങ് നിര്‍ത്താന്‍ കാരണമെന്ന് ടൊയോട്ട അറിയിച്ചു. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം കൊടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പെട്രോള്‍ മോഡലുകളുടെ ബുക്കിങ് തുടരുമെന്ന് ടൊയോട്ട അറിയിച്ചു. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ പതിപ്പാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ടോയോട്ട വാഹനം. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തിലാണ് ക്രിസ്റ്റ വിപണിയില്‍ എത്തുന്നത്. 147 ബി.എച്ച്.പി കരുത്തും 360 എന്‍.എം ടോര്‍ക്കും വാഹനത്തിനുണ്ട്.
വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പാതകളില്‍ ഏകനായി നിന്നുകൊണ്ട് വെളിച്ചം എവിടെയാണ് എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് വര്‍ത്തമാനകാലത്തിന്റെ എല്ലാ അസ്വസ്ഥതകളേയും ഏറ്റെടുക്കുന്ന ഈ ചെറുകഥാകൃത്ത്. വിപണി വലുതും മനുഷ്യന്‍ ചെറുതുമായിപ്പോകുന്ന കാലത്തിന്റെ ഇടവഴികള്‍. ‘മനസ്സില്‍ അണയാതെ കത്തുന്ന ഒരു തീയുണ്ട്’. കെ.വി സിറാജ്. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.
വിറ്റാമിനുകള്‍, നാരുകള്‍, മറ്റ് ധാതുക്കള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് പപ്പായ. പഴുത്ത പപ്പായയും പച്ച പപ്പായയും പപ്പായയുടെ ഇലയും കുരുവും വേരും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗപ്രധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനപ്രക്രിയയെ സഹായിക്കും. ശരീരത്തിലെ പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ചര്‍മ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ അകറ്റുന്നു. ഇല നന്നായി ആവിയില്‍ വേവിച്ച ശേഷം മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാവുന്നതാണ്. പപ്പായ ഇലയുടെ സത്തില്‍ അടങ്ങിയിരിക്കുന്ന അസറ്റോ ജെനിന്‍ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. പപ്പായയുടെ വേര് ചതച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് വേദന ഉള്ള ഭാഗത്ത് വച്ചാല്‍ വേദനയ്ക്ക് ശമനം കിട്ടും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ പപ്പായയുടെ കുരുക്കള്‍ക്ക് കഴിയും. പപ്പായയുടെ കുരുവില്‍ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്കയുടെ തകരാറുകള്‍ തടയുന്നു. കൂടാതെ കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു. പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്ട്രോള്‍ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ പപ്പായ സ്ഥിരമായി കഴിച്ചാല്‍ മതി. പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പപ്പായ ഉത്തമമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.54, പൗണ്ട് – 92.63, യൂറോ – 79.57, സ്വിസ് ഫ്രാങ്ക് – 81.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.72, ബഹറിന്‍ ദിനാര്‍ – 210.84, കുവൈത്ത് ദിനാര്‍ -258.04, ഒമാനി റിയാല്‍ – 206.48, സൗദി റിയാല്‍ – 21.16, യു.എ.ഇ ദിര്‍ഹം – 21.64, ഖത്തര്‍ റിയാല്‍ – 21.83, കനേഡിയന്‍ ഡോളര്‍ – 60.74.