ദിനോസറുകളുടെ യുഗത്തിനു മുമ്പേ മുതലകളേപ്പോലെ സമുദ്രത്തില്‍ വേട്ടക്കാരായ പുരാതന ഇനം സമുദ്രജീവിയെ കണ്ടെത്തി. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ ജുറാസിക് തീരത്താണ് ഈ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത്. 1850 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള ഫോസിലാണിത്. ഈ കാലഘട്ടത്തിലെ ഇതുവരെ കണ്ടെത്തിയിട്ടുള്ള കടല്‍ മുതലകളുടെ ഫോസിലുകളില്‍ ഏറ്റവും പൂര്‍ണമായ ഫോസില്‍. ടേണര്സുഷൂസ് എന്നാണ് വേട്ടക്കാരനായ ഈ ജീവിയുടെ പേര്. രണ്ടു മീറ്ററിലധികം നീളമുണ്ട്. മത്സ്യവും മറ്റു സമുദ്ര ജീവികളേയും ഭക്ഷണമാക്കിയാണു ജീവിച്ചിരുന്നത്. മുതലകളോടു സാമ്യമുള്ള വംശനാശം സംഭവിച്ച ഇത്തരം സമുദ്ര ജീവികളെക്കുറിച്ച് കൂടുതലറിയാന്‍ ഈ ഫോസില്‍ ശാസ്ത്രജ്ഞരെ സഹായിക്കും. ജലാശയങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും വസിക്കുന്ന ആധുനിക മുതലകളില്നിന്നു വ്യത്യസ്തമായി ഇവ സമുദ്രആവാസ വ്യവസ്ഥകളിലാണു ജീവിച്ചിരുന്നത്. കണ്ടെത്തിയ ഫോസിലിന്റെ തലയോട്ടിയുടെ ഘടനയിലും ആധുനിക മുതലകളുടെ തലയോട്ടിയും വ്യത്യാസമുണ്ട്. ഇരകളെ വേഗത്തില്‍ കടിച്ചു കീഴ്പ്പെടുത്താന്‍ സഹായകമായ വിധത്തിലുള്ള താടിയെല്ലുകള്‍ ആണ് ഇപ്പോള്‍ കണ്ടെത്തിയ ഫോസിലുകള്‍ക്കുള്ളത്. ഗവേഷണത്തിനു നേതൃത്വം നല്കിയബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഡോ. പെഡ്രോ ഗോഡോയ് പറഞ്ഞു. ഇംഗ്ലണ്ടിലെ അതിപുരാതന കാലത്തെ മുതലകളുടെ കാര്യം അവിടെ നില്ക്കട്ടെ. ഇന്ത്യയില്‍ 15 വര്‍ഷത്തിനിടെ ആന, കടുവ, പുലി, സിംഹം തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ഇരട്ടിയോളമായെന്നാണ് കേന്ദ്ര വനം മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. വന്യജീവികളും പശുക്കളും അവയുടെ ആരാധകരുമെല്ലാം നീണാള്‍ വാഴട്ടെ.
1850 ലക്ഷം വര്‍ഷം മുമ്പുള്ള കടല്മുതല
