മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂള്‍ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരാഴ്ച മുഴുവന്‍ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാന്‍ വാരാന്ത്യത്തില്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഗവേഷകര്‍ വാരാന്ത്യത്തില്‍ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയില്‍ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം. 14 വര്‍ഷം നീണ്ട പഠനത്തില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, സ്‌ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.