വാക്കുകളില്‍നിന്ന് വീഡിയോ നിര്‍മിക്കുന്ന പുതിയ എ.ഐ സാങ്കേതിക വിദ്യയുമായി ശാസ്ത്രലോകം. സോറ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോയും ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് നിര്‍മ്മിക്കാനാകും. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ആണ് കമ്പനിയുടെ വീഡിയോ അവതരിപ്പിച്ചത്. ഇപ്രകാരം ചെറുതും വളരെ ലളിതവുമായ ടെക്സ്റ്റുകളില്‍ നിന്ന് വീഡിയോകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്. വിഡിയോകളിലെ തെറ്റുകള്‍ ശരിയാക്കാനും കൂടുതല്‍ മിഴിവുറ്റതാക്കാനും ഇമേജുകള്‍ വീണ്ടും മൂര്‍ച്ച കൂട്ടാനും ഈ സാങ്കേതിക വിദ്യക്കു കഴിയും. അടിസ്ഥാന ടെക്സ്റ്റ് ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് പുതിയ വീഡിയോകള്‍ സൃഷ്ടിക്കാം. വീഡിയോ എല്ലാ രീതിയിലും യാഥാര്‍ഥമാണെന്നു തോന്നിപ്പിക്കുമെന്നതാണ് പ്രത്യേകത. ട്രാന്‍സ്‌ഫോര്‍മര്‍ ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് ശബ്ദം ക്രമേണ നീക്കം ചെയ്യാനും വീഡിയോ നിര്‍മിക്കാനും ഉപയോഗിക്കുന്ന പ്രത്യേക പ്രോഗ്രാമാണിത്. സിനിമ, പരസ്യ ചിത്രീകരണത്തിലടക്കം പുതിയ സാങ്കേതിക വിദ്യ വന്‍ കുതിച്ചു ചാട്ടമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏത് തരത്തിലുള്ള ഡാറ്റയിലാണ് മോഡല്‍ പരിശീലിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. പുതിയ എ.ഐ മോഡലിന്റെ കാര്യക്ഷമതയും വിഷ്വല്‍ കഴിവുകളും പ്രകടിപ്പിക്കുന്നതിനായി സാം ആള്‍ട്ട്മാന്‍ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു. നിലവില്‍ സോറയുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളോ അപകടസാധ്യതകളോ പരിശോധിക്കാന്‍ റെഡ് ടീമംഗങ്ങള്‍ക്ക് മാത്രമേ സോറ ലഭ്യമാകൂ.