ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഡയറ്റുകള്‍ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളര്‍ച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഴം ഈച്ചകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഴം ഈച്ചകള്‍ക്ക് മനുഷ്യരുമായി ജനിതകവും ശാരീരികവുമായ നിരവധി സമാനതകളുണ്ട്. മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്ന 75% ജീനുകളും ഈ ഈച്ചകളില്‍ കാണപ്പെടുന്നു. കൂടാതെ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുന്ന 90% ജീനുകളും അവയിലുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴം ഈച്ചകളിലെ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് അവയില്‍ ആയുസ്സ് കുറയ്ക്കുകയും, പ്രവര്‍ത്തനക്ഷമമായ തകര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, പെരുമാറ്റ രീതി തകരാറിലാക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ, ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം വളര്‍ച്ചാ സമയം വൈകിപ്പിക്കുകയും പ്രത്യുല്‍പാദന ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു. ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദോഷം ചെയ്യുമെന്നും പിയര്‍ റിവ്യൂഡ് ജേണല്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് പ്രായമായ പുരുഷന്മാരില്‍ ചലനശേഷി കുറയുന്നുവെന്നും പ്രായമായ സ്ത്രീകളില്‍ കുടലിന്റെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡയറ്റില്‍ അമിതമായി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയും ആവശ്യമായ പ്രോട്ടീനും സമീകൃതാഹാരവും ഉറപ്പാക്കുകയും ചെയ്യുന്നത് ആരോഗ്യ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനും ആരോഗ്യ ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും നിര്‍ണായകമാണെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിലെ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നത് മാത്രമല്ല, ഉപാപചയ വൈകല്യങ്ങള്‍ തടയുന്നതിനും ആരോഗ്യകരമായ വാര്‍ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാക്രോ ന്യൂട്രിയന്റ് ഘടനയിലും ഊന്നല്‍ നല്‍ണമെന്നും പഠനം മുന്നോട്ടു വെക്കുന്നു.