പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയര്‍മാനുമായ അലക്‌സ് കെ. ബാബു. മോഹന്‍ലാലിന്റെ ചെന്നൈ വീട്ടില്‍ വച്ചാണ് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കിയ ഇവി 6 സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില. ഇന്ത്യന്‍ വിപണിയില്‍ 77.4 കിലോവാട്ട് മോഡല്‍ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു. സിംഗിള്‍ മോട്ടര്‍ മുന്‍വീല്‍ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടറുള്ള ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോര്‍ക്ക് 605 എന്‍എമ്മും. ഒറ്റ ചാര്‍ജില്‍ 708 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും എന്നാണ് കിയ അറിയിക്കുന്നത്. 350 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഘടിപ്പിച്ചാല്‍ 10 ല്‍ നിന്ന് 80 ശതമാനം ചാര്‍ജിലേക്ക് എത്താന്‍ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ അത്രയും ചാര്‍ജു ചെയ്യാന്‍ 73 മിനിറ്റുവേണം.