ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിചരണം നല്‍കേണ്ട അടിയന്തര രോഗാവസ്ഥയാണ് പക്ഷാഘാതം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുന്നതു മൂലം തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നത് പക്ഷാഘാതത്തിലേക്കു നയിക്കുന്നു. പക്ഷാഘാതം വന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ നല്‍കുന്ന പരിചരണം മരണവും വൈകല്യവും തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതായി ലോകമെങ്ങും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാണ് ഫാസ്റ്റ് ടെക്‌നിക്. ഇതിലെ എഫ് മുഖം അഥവാ ഫേസിനെ സൂചിപ്പിക്കുന്നു. പക്ഷാഘാതം സംശയിക്കപ്പെടുന്ന രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അവര്‍ക്ക് ശരിയായി ചിരിക്കാന്‍ കഴിയുന്നുണ്ടോ അതോ ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം കോടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കോടുന്നുണ്ടെങ്കില്‍ ഇത് പക്ഷാഘാതം മൂലമാണെന്ന് കരുതാം. ഫാസ്റ്റിലെ എ ആം അഥവാ കൈകളെ കുറിക്കുന്നു. രോഗിയോട് രണ്ട് കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഏതെങ്കിലും ഒരു കൈ ദുര്‍ബലമായി, ഉയര്‍ത്താന്‍ സാധിക്കാതെ തൂങ്ങി പോകുന്നുണ്ടോ എന്ന് പരിശോധിക്കുക. കൈകള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പക്ഷാഘാതം സംശയിക്കാം. ഫാസ്റ്റിലെ എസ് സ്പീച്ച് അഥവാ സംസാരത്തെ ഉദ്ദേശിക്കുന്നു. രോഗിയെ കൊണ്ട് എന്തെങ്കിലും വായിപ്പിക്കുകയോ പറയിക്കുകയോ ചെയ്യുക. സംസാരിക്കുമ്പോള്‍ നാക്ക് കുഴയുകയോ വിചിത്ര വാക്കുകള്‍ പറയുകയോ ചെയ്താല്‍ പക്ഷാഘാതമാണെന്ന് ഉറപ്പിക്കാം. ഫാസ്റ്റിലെ ടി ടൈം അഥവാ സമയത്തെ സൂചിപ്പിക്കുന്നു. മേല്‍പറഞ്ഞ മൂന്ന് ലക്ഷങ്ങളും പരിശോധിച്ച് പക്ഷാഘാതം ആണെന്ന് ബോധ്യമായാല്‍ അതിവേഗം രോഗിയെ ആശുപത്രിയിലെത്തിക്കണം. രോഗി പെട്ടെന്ന് ദുര്‍ബലമാകുന്നതും പക്ഷാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്.