നമ്മളറിയാത്ത നിരവധി കാര്യങ്ങൾ ഓരോ കഥകളിലും മറഞ്ഞു കിടക്കുന്നുണ്ട്. അറിയാ കഥകളിലൂടെ അദ്ധ്യാത്മരാമായണം എന്ന കൃതിയെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം….!!!
വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പിൽക്കാലത്തുണ്ടായ ഒരു പുനരാഖ്യാനമാണ് അധ്യാത്മരാമായണം. ശ്രീരാമനെ പരമാത്മാവിന്റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാൻ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ രാമഗീത, ലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ശ്രീരാമന്റെ കഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു.
വാല്മീകിരാമായണത്തിന്റെ അനുബന്ധങ്ങളോ തുടർച്ചകളോ രൂപഭേദങ്ങളോ വിവർത്തനങ്ങളോ ആയി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള അത്ഭുതരാമായണം,ആനന്ദരാമായണം,ശതമുഖരാമായണം,പാതാളരാമായണം,വസിഷ്ഠരാമായണം (യോഗവാസിഷ്ഠം) തുടങ്ങിയ രാമേതിഹാസങ്ങളിൽ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.അധ്യാത്മരാമായണത്തിന്റെ രചയിതാവ് ആരാണെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. പതിനെട്ടു പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ ഒരു ഭാഗമാണിതെന്നതിന് സാർവത്രികമായ അംഗീകാരo ലഭിച്ചിട്ടില്ല.
ഈ വിശ്വാസത്തിന് ബാധകമായും സാധകമായും പണ്ഡിതന്മാർ പല തെളിവുകളും ഹാജരാക്കിക്കൊണ്ടുതന്നെയിരിക്കുന്നു. വരരുചി മഹർഷിയാണ് ഇതെഴുതിയതെന്ന വാദം, ഇതിന്റെ കർതൃത്വം ദിവ്യൻമാരിലാരോപിച്ച് ഗ്രന്ഥത്തിന്റെ പാവനത്വം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലം മാത്രമാണെന്നാണ് മിക്ക ഭാഷാസാഹിത്യചരിത്രകാരന്മാരുടേയും അഭിപ്രായം.അധ്യാത്മരാമായണത്തിന്റെ ദിവ്യത്വത്തെ കാണിക്കാൻ ഇതിൽ തന്നെ രചയിതാവ് വേറെയും ചില ഉപാധികൾ സ്വീകരിച്ചിട്ടുണ്ട്.
രാമായണകഥ പാർവതിക്ക് പരമേശ്വരൻ പറഞ്ഞുകൊടുത്തതാണെന്ന നിലയിൽ ബ്രഹ്മാവ് നാരദന് നൽകിയ ഉമാമഹേശ്വരസംവാദം, അതിന്റെ പുനരാഖ്യാനമെന്ന നിലയിൽ നൈമിശാരണ്യത്തിൽവച്ച് സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചതാണെന്നും, അതുകൊണ്ടാണ് വേദവ്യാസൻ ഇത് ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തിയതെന്നും ഈ കൃതിയിൽ തന്നെ പറഞ്ഞിരിക്കുന്നു. ഭാരതീയ ദർശനങ്ങളുടെ വളർച്ചയേയും ഭാഷാചരിത്രപരമായ പ്രത്യേകതകളേയും കണക്കിലെടുത്തുകൊണ്ട്, അധ്യാത്മരാമായണത്തിന്റെ രചന എ.ഡി. 14-ആം നൂറ്റാണ്ടിനടുപ്പിച്ചാണെന്ന നിഗമനത്തിലാണ് പണ്ഡിതന്മാർ .
മഹാരാഷ്ട്രത്തിലെ ഒരു സിദ്ധനും കവിയുമായിരുന്ന ഏകനാഥൻ (1548-98) വളരെ അടുത്ത കാലത്താണ് ഈ കൃതിയുടെ രചന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രാമനും കൃഷ്ണനും അഭിന്നത്വം കല്പിക്കുന്ന ഒരു പ്രവണത അധ്യാത്മരാമായണത്തിൽ ചിലയിടത്ത് കാണുന്നു.കബീർ, മീരാബായി, തുളസീദാസ് തുടങ്ങിയവരുടെ ആരാധനാപാത്രമായിരുന്ന രാമാനന്ദൻ എന്ന വൈഷ്ണവസന്ന്യാസിയാണ് രാമനിൽ കൃഷ്ണത്വവും കൃഷ്ണനിൽ രാമത്വവും ആരോപിക്കുന്ന ഭക്തിപ്രസ്ഥാനത്തിന്റെ ജനയിതാവ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അധ്യാത്മരാമായണത്തിന് 14-ആം നൂറ്റാണ്ടിനെക്കാൾ പ്രാചീനത്വം നകാൻ പണ്ഡിതന്മാർ വൈമുഖ്യം കാണിക്കുന്നു.മാഹാത്മ്യസർഗം ഉൾപ്പെടെ ആകെ 65 സർഗങ്ങളാണ് അധ്യാത്മരാമായണത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ കാവ്യഗുണം തികഞ്ഞ നാലായിരത്തിലേറെ പദ്യങ്ങളുണ്ട്.
കഥാനായകനായ രാമൻ വിഷ്ണുവിന്റെ അവതാരമാണ്. എന്നാൽ, വനവാസത്തിൽ, തന്നെ അനുഗമിക്കാനൊരുങ്ങുന്ന സീതയോട് മാ വിഘ്നം കുരു ഭാമിനി എന്നു പറയുന്നിടത്തും മറ്റും രാമൻ കേവലം ഒരു മനുഷ്യനാണ്. യുദ്ധത്തിന് പുറപ്പെടുന്ന രാവണൻ മണ്ഡോദരിയോട് വിടവാങ്ങുന്നത് ജാനാമി രാഘവം വിഷ്ണും എന്നു പറഞ്ഞുകൊണ്ടാണ്. കവിതയിൽ സന്ദർഭം സൃഷ്ടിച്ചും ജീവാത്മപരമാത്മഭാവങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുമാണ് ഗ്രന്ഥകാരൻ മുന്നോട്ടുപോകുന്നത്.സീതയെ മോഷ്ടിച്ചുകൊണ്ടുപോകുന്ന രാവണൻ പട്ടിയെപ്പോലെയാണെന്നാണ് ജടായു ഭർത്സിക്കുന്നത്.
വാല്മീകിരാമായണം, അധ്യാത്മരാമായണ കർത്താവിന് നല്ലപോലെ പരിചിതമായിരുന്നുവെന്നതിനു തർക്കമില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ സാധൂകരിക്കാനും സ്ഥിരീകരിക്കാനും വിശദാംശങ്ങളിൽ പല പുതിയ കല്പനകളും സംവിധാനങ്ങളും അധ്യാത്മരാമായണകവി കൈക്കൊണ്ടിട്ടുണ്ട്. അയോധ്യാകാണ്ഡത്തിൽ നാരദൻ രാമനെ സന്ദർശിക്കുന്നതും അദ്ദേഹത്തിന്റെ ജനനോദ്ദേശ്യത്തെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും തുടർന്ന് രാമൻ വനവാസപ്രതിജ്ഞ ചെയ്യുന്നതും അവതാരകഥയ്ക്ക് ശക്തി വർധിപ്പിക്കാൻ കൂട്ടിച്ചേർത്തതാണ്. വസിഷ്ഠൻ രാമന്റെ അവതാരമഹത്ത്വത്തെപ്പറ്റി ഭരതനെ ഉദ്ബോധിപ്പിക്കുന്ന ഭാഗം വാല്മീകിരാമായണത്തിലില്ല. രാമനെ, വിഷ്ണുവാണെന്നു മനസ്സിലാക്കി കൈകേയി കാട്ടിൽ പോയി രാമനോട് മാപ്പു ചോദിക്കുന്ന ഭാഗം-ഇത് എഴുത്തച്ഛൻ വിട്ടുകളഞ്ഞിരിക്കുന്നു-അധ്യാത്മരാമായണത്തിലെ മറ്റൊരു മൌലിക സൃഷ്ടിയാണ്.
രാവണന് അപഹരിക്കാൻ തക്ക പാകത്തിൽ ഒരു മായാസീതയെ സൃഷ്ടിച്ചുവെന്ന കല്പനയും അതുപോലെ ഒന്നാണ്. സീതയ്ക്ക് രാക്ഷസസ്പർശം കൂടാതെ കഴിയുവാനും രാവണവധാനന്തരം അഗ്നിയിൽനിന്ന് സീതയെ വീണ്ടെടുക്കുന്ന കഥ കൂടുതൽ യുക്തിസഹമാക്കുവാനും കവി പ്രയോഗിച്ച ഒരു പൊടിക്കൈയാണിത്. സ്വയംപ്രഭ രാമനെ സന്ദർശിക്കുന്നതും ഹനുമാൻ കുരുവിയെപ്പോലെ ചെറുതായി അശോകവനത്തിൽ സീതയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതും കാലനേമിയുടെ കഥയും ആദികവി പറയാത്തവയാണ്.
മൃതസഞ്ജീവനി കൊണ്ടുവരാൻ വാല്മീകി ഹനുമാനെ കൈലാസത്തിലേക്ക് അയക്കുമ്പോൾ അധ്യാത്മരാമായണ കർത്താവു ചെയ്യുന്നത് ക്ഷീരസമുദ്രത്തിലെ ദ്രോണപർവതത്തിലേക്ക് അയക്കുകയാണ്. അതുപോലെ രാവണൻ ഹോമം നടത്തുന്നതിനെയും കപികൾ മണ്ഡോദരിയേയും മറ്റും ഉപദ്രവിച്ച് അത് മുടക്കുന്നതിനെയും പറ്റി വാല്മീകി ഒന്നും പറയുന്നില്ല. പട്ടാഭിഷേകത്തിനുശേഷം ഹനുമാൻ ഹിമാലയത്തിൽ തപസ്സിനുപോയി എന്ന പരാമർശം, ഉത്തരകാണ്ഡത്തിൽ വിവരിച്ചിരിക്കുന്ന ബാലിസുഗ്രീവോത്പത്തി, രാവണസനൽകുമാരസംവാദം തുടങ്ങിയവയും അധ്യാത്മരാമായണത്തിലെ പുതിയ കല്പനകളാണ്.അധ്യാത്മരാമായണം എന്ന കൃതിക്ക് പ്രാചീനത കുറവാണെങ്കിൽ, അതിന്റെ പ്രചാരത്തിന് അതിലും വളരെ കുറച്ച് പഴക്കമേയുള്ളു. ഭാരതത്തിൽ തന്നെ ഇതിന് സാർവത്രികപ്രചാരം സിദ്ധിച്ചിട്ടില്ല.
വ്യാഖ്യാനങ്ങളും, വിവർത്തനങ്ങളും. ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സഹായകമായ ശക്തിയേറിയ ഒരു ഘടകം എന്ന നിലയിലാണ് അധ്യാത്മരാമായണത്തിന്റെ പ്രചാരം.അധ്യാത്മരാമായണത്തിന് മലയാളത്തിൽ ഉണ്ടായിട്ടുള്ള വിവർത്തനം പ്രസിദ്ധമാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം വിവിധ രാമായണകഥാഖ്യാനങ്ങളിലെന്നല്ല, മലയാള ഭാഷാസാഹിത്യചരിത്രത്തിന്റെ വളർച്ചയിലും ഒരു സുവർണാധ്യായം കുറിച്ചു. എഴുത്തച്ഛന്റെ പ്രധാന കൃതികളിൽ ആദ്യത്തേതും ഏറ്റവും പ്രചാരമുള്ളതുമാണിത്.എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന്റെ അനുബന്ധമായി ചേർത്തിരിക്കുന്ന ഉത്തരരാമായണം അദ്ദേഹം തന്നെ ചെയ്ത വിവർത്തനമാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരല്ല.
വള്ളത്തോൾ നാരായണമേനോൻ വാല്മീകിരാമായണം തർജുമചെയ്ത് പ്രസിദ്ധപ്പെടുത്തുന്നതുവരെ മലയാളികൾക്ക് രാമകഥയെ സമീപിക്കാനുള്ള ഏറ്റവും സുഗമമായ രാജപാത എഴുത്തച്ഛന്റെ അധ്യാത്മരാമായണം ആയിരുന്നു. അതിനുശേഷവും അതിന്റെ സ്ഥാനത്തിനു വലിയ മാറ്റം ഉണ്ടായിട്ടില്ല. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനും കഥകളി കലാപണ്ഡിതനും നടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാർ 1853-ൽ എഴുത്തച്ഛന്റെ കൃതി ആദ്യമായി, തന്റെ കേരളവിലാസം അച്ചുകൂടത്തിൽനിന്ന് മുദ്രണം ചെയ്ത് പ്രകാശിപ്പിച്ചു. മുദ്രിത പ്രസാധനങ്ങൾ സാർവത്രികമാകുന്നതുവരെ അധ്യാത്മരാമായണത്തിന്റെ പ്രതികൾ ഓലയിൽ പകർത്തി എഴുതി പ്രചരിപ്പിക്കുന്നതിൽ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ എന്ന പണ്ഡിതൻ മുൻകൈയെടുത്തിരുന്നതായി പറയപ്പെടുന്നു.
കുണ്ടൂർ നാരായണമേനോൻ ഇത് വൃത്താനുവൃത്തം വിവർത്തനം നടത്തിയിട്ടുണ്ടെങ്കിലും അത് അച്ചടിച്ച് പുറത്തുവന്നിട്ടില്ല. എന്നാൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ തർജുമ പ്രസിദ്ധീകൃതമായിട്ടുണ്ട് . പേട്ടയിൽ രാമൻപിള്ള ആശാൻ രാമായണത്തെ അധികരിച്ച് തിരുവനന്തപുരത്ത് നടത്തിയ ചില പ്രഭാഷണങ്ങളുടെ സമാഹാരമാണ് അധ്യാത്മരാമായണ സദാചാരങ്ങൾ എന്ന കൃതി. കെ.സാംബശിവശാസ്ത്രി എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് സമഗ്രമായ ഒരു വ്യാഖ്യാനം എഴുതി. കെ.സി. കേശവപിള്ള അതിലെ ലക്ഷ്മണോപദേശത്തിന് മാത്രമായി തത്ത്വബോധിനി എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
അദ്ധ്യാത്മരാമായണത്തെക്കുറിച്ച് ഇതിൽ നിന്നും മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. അറിയാ കഥകളുടെ അടുത്ത ഭാഗത്തിൽ രാമായണത്തെക്കുറിച്ചും വിശദീകരിക്കാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ….!!!