തേയില വിപണിയെ പ്രതിസന്ധിയിലാക്കി കാലാവസ്ഥ വ്യതിയാനം. തേയില പ്രധാനമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമായ അസമില്‍ ഉഷ്ണക്കാറ്റും വെള്ളപ്പൊക്കവും മൂലം പ്രകൃതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഉല്‍പ്പാദനം കുറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതോടെ വിളനാശം സംഭവിക്കുകയും ഇക്കൊല്ലത്തെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. തേയില വില കിലോയ്ക്ക് 20 ശതമാനം ഉയര്‍ന്ന് 217.53 രൂപയിലാണ് കൊല്‍ക്കത്തയില്‍ ജൂണ്‍ ആവസാന ആഴ്ചയില്‍ ലേലം നടന്നത്. മേയ് മാസത്തില്‍ മൊത്തം ഉത്പാദനം 30 ശതമാനത്തിലധികം കുറഞ്ഞ് 9.2 കോടി കി.ഗ്രാമില്‍ എത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ തേയില ഉല്‍പ്പാദനമാണ് മെയ് മാസത്തില്‍ നടന്നത്. ഇരുപത് ഇനം കീടനാശിനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതും ഇത്തവണ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 139.4 കോടി കിലോ തേയിലയുടെ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്. എന്നാല്‍ 2024 ല്‍ ഉല്‍പ്പാദനത്തില്‍ 10 കോടി കിലോഗ്രാമിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നത് ഇന്ത്യന്‍ തേയില വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ തേയില ഉല്‍പാദനത്തിന്റെ പകുതിയിലധികം നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ജൂലൈയില്‍ 2 ദശലക്ഷത്തിലധികം ആളുകളെയാണ് കനത്ത വെള്ളപ്പൊക്കം ബാധിച്ചത്. ഇന്ത്യയിലെ മൊത്തം തേയില ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് നടക്കുന്നത്. ഈജിപ്തിലേക്കും യുണൈറ്റഡ് കിംഗ്ഡത്തിലേക്കും സി.ടി.സി (ക്രഷ്-ടിയര്‍-കേള്‍) ഗ്രേഡ് തേയിലയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇറാഖ്, ഇറാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് യാഥാസ്ഥിതിക ഇനം തേയിലയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.