2022-23 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷത്തില്‍ തൊഴിലുകളുടെ എണ്ണത്തില്‍ രണ്ടര മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. തൊഴില്‍ശേഷിയിലേക്ക് 4.67 കോടി തൊഴിലാളികളെ കൂടിയാണ് ചേര്‍ത്തത്. 1981-82ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ തൊഴില്‍ വളര്‍ച്ചാനിരക്ക് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളെ മറികടന്നു. 6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പാദന വളര്‍ച്ച നേരിയ തോതില്‍ ഉയര്‍ന്നതാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായത്. 2017-18ല്‍ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2022-23ല്‍ ഏറ്റവും താഴ്ന്ന നിലവാരമായ 3.2 ശതമാനത്തിലേക്ക് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ 59.7 കോടി തൊഴിലാളികളില്‍ നിന്ന് 64.3 കോടിയായാണ് തൊഴിലാളികളുടെ എണ്ണം ഉയര്‍ന്നത്. 2020 സാമ്പത്തികവര്‍ഷത്തിലാണ് ഇതിന് മുന്‍പ് നാലു കോടിയില്‍പ്പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട തൊഴില്‍ കണക്കുകള്‍ അനുസരിച്ച് 24 സാമ്പത്തിക വര്‍ഷത്തില്‍ 3.1 കോടി ജീവനക്കാരാണ് സംഘടിത തൊഴിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ 21 ദശലക്ഷം പേര്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലും 10 ദശലക്ഷം പേര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിലും ചേര്‍ന്നിട്ടുണ്ട്. 2022-23 ല്‍ സൃഷ്ടിക്കപ്പെട്ട 1.9 കോടി തൊഴിലില്‍ അഞ്ചില്‍ മൂന്നും കൃഷി, നിര്‍മ്മാണം, മറ്റ് സേവനങ്ങള്‍ എന്നിവയിലാണ്. രാജ്യത്തെ മൊത്തം തൊഴിലിന്റെ 42.4 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. 12.5 ശതമാനം പേര്‍ നിര്‍മ്മാണ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.