നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാൽ ഇരു സഭകളിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികൾ 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭ ഒന്നാം തീയ്യതി വരെ പിരിഞ്ഞു.
മാത്യു കുഴല്‍നാടൻ എംഎഎല്‍എ വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചു. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽകെ.കെ. ലതിക പോസ്റ്റ് ഇട്ടത് വർഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും ആവര്‍ത്തിച്ചു.
പി ജയരാജനെതിരായ വെളിപ്പെടുത്തൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശൻ പറഞ്ഞു. പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.
സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ വന്ന ഭീഷണി സന്ദേശങ്ങളെ തുടർന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം.
ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. മനു ഇപ്പോൾ സത്യത്തിന്‍റെ പാതയിലാണ്, പാർട്ടിയിൽ ചേരാൻ താൽപ്പര്യപ്പെട്ടാൽ പരിഗണിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. പി ജയരാജന്‍റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു.
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇതിനു മുൻപ് രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.
മക്കിമലയിൽ മാവോയിസ്റ്റുകൾ ഐഇഡി ട്രയൽ നടത്തിയതായി സംശയം. വെടിമരുന്ന് കലർന്ന നിലയിൽ കണ്ടെത്തിയ കടലാസുകളിൽ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും, സമീപത്ത് കണ്ടെത്തിയ പഴകിയ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഫോടനത്തിന്റെ ബാക്കിയെന്നുമാണ് നിഗമനം. ഓടക്കോടാണ് പഴകിയ പത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടെ ഗറില്ലാ മുറകളിലൊന്നാണ് ബോംബുകൾ കുഴിച്ചിട്ട് അപായപ്പെടുത്തൽ.
പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമാണം വീണ്ടും കോൺഗ്രസ് തടഞ്ഞു. പുറമ്പോക്ക് സർവേ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാകും തർക്ക സ്ഥലത്ത് നിർമാണം തുടങ്ങുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിന് വിരുദ്ധമായി ജോലികൾ പുനരാരംഭിച്ചതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. സ്ഥലത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയ കൊടികൾ പൊലീസ് നീക്കിയതും എതിർപ്പിനിടയാക്കി.
ക്നാനായ സഭയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ അസോസിയേഷന്‍റെ നീക്കം കോടതി തടഞ്ഞു. സഭയിലെ സഹായമെത്രാൻമാരുടെ ഹർജി പരിഗണിച്ച കോട്ടയം മുൻസിഫ് കോടതിയാണ് ഭരണഘടന ഭേദഗതി സ്റ്റേ ചെയ്തത്. സഭയുടെ ഭരണപരമായ കാര്യങ്ങളിൽ പാത്രിയർക്കീസ് ബാവയുടെ അധികാരം കുറയ്ക്കുന്നതായിരുന്നു ഭേദഗതി. മെത്രപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്‍റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം സമുദായ ഭരണഘടന ഭേദഗതി പാസാക്കിയത്. ഇത് പൂർണമായും റദ്ദാക്കുന്നതാണ് കോടതി ഉത്തരവ്.
മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ ലേഖനം. മുസ്ലിം ലീഗ് ഇപ്പോഴുയര്‍ത്തുന്നത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യമാണെന്ന് ലേഖനത്തിൽ വിമര്‍ശിക്കുന്നു. കമ്യുണിസ്റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്‌താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലെത്തിക്കുമെന്ന് ലേഖനത്തിൽ പറയുന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ലേഖനത്തിലുണ്ട്.
ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ എൻജിനാണ് ബോഗിയിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല സംഭവത്തിൽ റെയിൽവെ അന്വേഷണം നടത്തും.
പാലക്കാട് കുളപ്പുള്ളിയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. കൊല്‍ക്കത്ത സ്വദേശിനി നിർമ്മല ദേവിക്കാണ് പരിക്കേറ്റത്. ഒരേ ലൈനിലുള്ള മൂന്ന് വീടുകൾക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്. ഇതിൽ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് നിർമ്മലയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിന്‍റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍. രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച സാമുവേലിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയിൽ എത്തിയതോടെയാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കോഴിക്കോട് കല്ലാനോട് ശക്തമായ മഴയില്‍ കൂറ്റൻ പാറക്കല്ല് പതിച്ചതിനെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകൾക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കോട്ടൂരിൽ 2 വീടുകൾ തകർന്നു. കോട്ടൂർ കടമാൻകുന്ന് ജലാലിന്റെ വീടും, തൊട്ടു താഴെ ഉണ്ടായിരുന്ന മുബീനയുടെ വീട് ഒരു വശത്തെ ചുമർ പൂർണമായും തകർന്നു വീഴുകയും ചെയ്തു. തലനാരിഴക്കാണ് ഇരു വീട്ടിൽ ഉള്ളവരും രക്ഷപെട്ടത്. നിലവിൽ പൂർണ്ണമായും തകർന്ന ഈ വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കോട്ടൂർ ദേശത്തെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി ഭീഷണി നിലനിൽക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോട്ടൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്നും ഈ രണ്ട് കുടുംബങ്ങളെയും അവിടേക്ക് മാറ്റാനുള്ള തീരുമാനം ഗ്രാമപഞ്ചയത്ത് അടിയന്തിരമായി കൈകൊള്ളണമെന്നും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വിശദമാക്കി.
കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെ ആക്രമണം. ബെവ്കോ ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചുവെന്നും. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാൻ വരി നിൽക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട് പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒറ്റയക്ക നമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പിടികൂടി. കേരള സർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ പനമരം കൈതക്കല്‍ തേക്കന്‍ വീട്ടില്‍ ഉക്കാഷത്ത് , പനമരം ഓടമ്പത്ത് വീട്ടില്‍ ഒ.ആര്‍. വിനില്‍ എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫൻ,ജനറൽ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. ട്രഷററായി വി.പി. മാധവൻ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്ത ഭരണസമിതിയിലെ അംഗങ്ങൾ തന്നെ എതിരില്ലാതെയാണ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കൂട്ടം കൂടി നിന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കും ഇടയിലേക്ക് രണ്ടു സംഘങ്ങൾ ഓടി കയറി തമ്മിൽ തല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇവിടെ പതിവായി ഇത്തരത്തിൽ സംഘർഷമുണ്ടാകാറുണ്ടെന്ന് യാത്രക്കാരും സ്ഥാപനങ്ങളിലുള്ളവരും പറയുന്നു.
മലപ്പുറം ചോക്കാട് വാളംകുളത്ത് യുവാക്കൾ തമ്മിലടിച്ചു. നാട്ടുകാർ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും കഴിഞ്ഞ ദിവസം രാവിലെ വീണ്ടും സംഘർഷമുണ്ടായി. ബുധനാഴ്ച രാത്രിയിൽ നടന്ന അടിപിടിയില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാൾ എത്തി വെല്ലുവിളിച്ചതോടെയാണ് ഇന്നലെ വീണ്ടും സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്കാണ് പരിക്കുപറ്റിയത്. നാട്ടുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
മലപ്പുറം ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻ കൊലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കനത്ത കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ആറുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. മേല്‍ക്കൂര താഴെയുണ്ടായിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ടാക്സി ഡ്രൈവറാണ് മരിച്ചത്.
എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. വസതിക്ക് നേരെ കരി ഓയിൽ ഒഴിക്കുകയും വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിപ്പിച്ചതായാണ് റിപ്പോർട്ട്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. അതോടൊപ്പം പാര്‍ലമെന്‍റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കിൽ കിടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.
ദില്ലി സുർജിത് ഭവനിൽ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരിട്ട തോൽവി മുഖ്യ ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ചകൾ നടക്കുക.
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍ ഇല്ലെന്ന് വിജയ് ചടങ്ങില്‍ പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം, നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം പറഞ്ഞു.
മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും, മറ്റ് രണ്ട് വ്യക്തികളും കൂടി ഉൾപ്പെട്ട കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. വ്യാഴാഴ്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ രേഖപ്പെടുത്തിയത് 50 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണ തരംഗം വരും ദിവസങ്ങളിലും തുടരാനാനിടയുണ്ടെന്നും, താപനില ഇനിയും കടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിൽ സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
നിലവാരമില്ലാത്ത റോഡുകൾക്ക് ഹൈവേ ഏജൻസികൾ ടോൾ ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. റോഡുകൾ നല്ലതല്ലെങ്കിൽ ടോൾ പിരിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പല ഹൈവേകളുടേയും സ്ഥിതി വളരെ മോശമാണെങ്കിലും അവിടെ കനത്ത ടോൾ പിരിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയെന്ന് നാസ അറിയിച്ചു.