Untitled design 20240521 135515 0000

മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രി വി ശിവൻകുട്ടി. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ടെന്നും, ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്മെന്‍റുകളാണ് കഴിഞ്ഞത്. രണ്ട് അലോട്ട്മെന്‍റുകള്‍ കൂടി ഇനി ഉണ്ടാകും. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.

 

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകിയേക്കും. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം.  ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നാണ് സൂചന. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം.

 

ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും, ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കെസി വേണു​ഗോപാൽ. കേരളം ഒന്നടങ്കം ഇതിനെ എതിർക്കുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി.

 

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ജയിൽ മാനുവലിന് വിരുദ്ധമാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരോൾ നൽകിയത് തന്നെ നിയമ വിരുദ്ധമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. സിപിഎമ്മിന്റെ തിരുത്തൽ ഇതാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കേണ്ടെന്നും, ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

ഹൈക്കോടതി വിധിയെ മറി കടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും എം എൽ എയുമായ കെകെ രമ പറഞ്ഞു. പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ കെ രമ വ്യക്തമാക്കി.

 

ടിപി കേസ് പ്രതികളെ വിട്ടയയ്ക്കില്ലെന്ന് ജയില്‍ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍ മോചനത്തിന് പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കിയപ്പോള്‍ പത്ത് വര്‍ഷത്തിലേറെയായി ജയിലിലുള്ളവര്‍ എന്ന രീതിയില്‍ ടി.പി പ്രതികളും പട്ടികയില്‍ വന്നതാണെന്നാണ് വിശദീകരണം.

 

മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫിനെതിരായ ആരോപണങ്ങൾ പിൻവലിച്ച് മുതിർന്ന നേതാവും സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റുമായ കെകെ ശ്രീധരൻ. വിവാദ റോഡിന്‍റെ അലൈൻമെന്‍റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരൻ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് തലയൂരാൻ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്‍റെ വിശദീകരണം.

 

ദേശീയപാതയില്‍  ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണത്തില്‍ വലഞ്ഞ് ജനം. നെടുമ്പാശേരി അത്താണിയിലെ പരിഷ്ക്കരണത്തിന് ശേഷം ഗതാഗത കുരുക്ക് കൂടിയെന്നാണ് റിപ്പോർട്ട്. മന്ത്രി നിര്‍ദേശിച്ച് ഒരുമാസം പിന്നിട്ടെങ്കിലും പലയിടങ്ങളിലും പരിഷ്ക്കരണം നടപ്പിലാക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം 24നാണ് ചാലക്കുടി മുതല്‍ ആലുവ വരെയുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍l ഗണേശ്കുമാര്‍ നല്‍കിയത്.

 

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഒരു കോടി രൂപ വിലമതിക്കുന്ന അരി പിടികൂടി. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കണ്ടെയ്നറുകളിലായി ഉപ്പ് എന്ന് രേഖപ്പെടുത്തിയാണ് അരിയെത്തിച്ചത്. നികുതി വെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിലെ വ്യാപാരിയുടെ പേരിലാണ് അരിയെത്തിയത്. മൂന്ന് കണ്ടെയ്നറിലാണ് അരിയെത്തിച്ചത്. വെള്ളിയാഴ്ചയാണ് അനധികൃതമായി എത്തിച്ച അരി കസ്റ്റംസ് അധികൃതർ പിടികൂടിയത്.

 

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.  ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും  വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിൻമാറിയെന്നും, റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി  അറിയിച്ചു.

 

കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യൂണിയൻ നേതാവിന്റെ ഇരിപ്പ് സമരം. ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിന് ഡ്യൂട്ടി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറും ഐ.എൻ.ടി.യു സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വിനോദ് തോമസാണ് പ്രതിഷേധിച്ചത്. ശമ്പളം നൽകാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാത്തതെന്നും തന്റെ രക്ത സാമ്പിൾ പരിശോധിച്ചോട്ടേയെന്നുമാണ് വിനോദ് തോമസ് പ്രതികരിക്കുന്നത്.

 

ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. മലപ്പുറം പൊന്നാനി കടവനാട്  കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ പിയാണ് ഉപകരണം സമർപ്പിച്ചത്.

 

ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണം വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കി. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. വധുവും വരനും ഉൾപ്പെടെ150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

 

വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ.

 

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര.  തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കൾ   അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് നാട്ടുകാ‍ർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡിൽ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങൾക്കെതിരെ ഗ്യാപ് റോഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയിൽ അഭ്യാസ പ്രകടനം.

 

ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ് വേണ്ടത്.

 

പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്‌.  പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

 

പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയുമായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ രണ്ട് പേർ കൂടി മരിച്ചിരുന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

 

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ   മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടി കസ്തൂരി.  10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കുന്നത് അല്ല, തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ് ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡൽ എന്നാണ്  കസ്തൂരി ചോദിക്കുന്നത്.

 

സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഈ മാസം 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവച്ചു.  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവച്ചതായി അറിയിച്ചത്.  ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എയുടെ ഔദ്യോഗിക വിശദീകരണം.

 

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ബീഹാർ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചിൽ തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‍സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ നിന്നാണ് ചോദ്യപ്പേപർ ചോർന്നതെന്നാണ് വിവരം.

 

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ.

 

കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക് ഇതിന്‍റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

 

സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വൻ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.

 

വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെ ആണ്‌ സിആർഡിഎ സംഘം ഓഫീസിലെത്തിയത്. ചട്ടം ലംഘിച്ചാണ് കെട്ടിട നിർമാണമെന്നും  അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി തുടരുമെന്നും സിആർഡിഎ വ്യക്‌തമാക്കി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് നടപടി.

 

ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *