ഫോട്ടോ ജേര്‍ണലിസ്റ്റ് പി. അഭിജിത്ത് സ്‌ക്രിപ്റ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ‘ഞാന്‍ രേവതി ‘എന്ന തമിഴ് ഡോക്യുമെന്ററിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൈഡ് മാസത്തിന്റെ ഭാഗമായി ട്രാന്‍സ് ദമ്പതികളായ നേഹയുടെയും റിസ്വാന്‍ ഭാരതിയുടെയും നേതൃത്വത്തില്‍ ചെന്നൈ കോടമ്പാക്കത്തെ ‘ഇടം ‘ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടന്ന ‘പ്രൈഡ് പലൂസ’ ചടങ്ങില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ മിഷ്‌കിനാണ് ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. മദ്രാസ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് , സംവിധായിക ജെ.എസ് നന്ദിനി , കവയത്രി സുകൃത റാണി, നടിമാരായ ഡോ ഗായത്രി, നേഹ, റിസ്വാന്‍ ഭാരതി, ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായ രേവതി, സംവിധായകന്‍ പി.അഭിജിത്ത്, ഛായാഗ്രാഹകന്‍ മുഹമ്മദ് എ, സൗണ്ട് ഡിസൈനര്‍ വിഷ്ണു പ്രമോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതമാണ് ‘ഞാന്‍ രേവതി’യിലൂടെ അഭിജിത്ത് ചിത്രീകരിക്കുന്നത്. രണ്ടര വര്‍ഷത്തോളമായി തമിഴ്‌നാട് കര്‍ണാടക, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് എ ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍