Untitled design 20240521 135515 0000

ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച്  വയനാട് സന്ദര്‍ശിച്ചേക്കും.   രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്. പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.

 

പ്രിയങ്ക പാർലമെന്‍റില്‍ എത്തണം ഉചിതമായ സമയത്ത് താനും പാർലമെന്‍റിൽ എത്തുമെന്നും ഭര്‍ത്താവ് റോബര്‍ട്ട് വദ്ര . പാർട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാർലമെന്‍റില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കക്ക് മികച്ച  ഭൂരിപക്ഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്നും വാദ്ര വ്യക്തമാക്കി.

 

പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി.  ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും , യുപിയില്‍ ബിജെപിയെ നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

 

അമേഠിയും റായ്ബറേലിയും  കുടുംബസ്വത്ത് ആയി കൊണ്ടുനടക്കുകയായിരുന്നു ഗാന്ധി കുടുബം  ഇപ്പോൾ വയനാടും കുടുംബ സ്വത്ത് ആക്കാനാണ് ശ്രമമെന്ന് വി മുരളീധരൻ. വയനാടും പ്രിയങ്കയും തമ്മിൽ എന്ത് ബന്ധമാണുള്ളത്, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഇല്ലേ, രാഹുൽ വയനാടിനായി എന്ത് ചെയ്തെന്ന് അറിയില്ല. കോൺഗ്രസിലെ ഏതെങ്കിലും നേതാക്കൾക്ക് തന്‍റേടം ഉണ്ടെങ്കിൽ അഭിപ്രായം തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

 

വയനാട് എന്‍റെ  കുടുംബമാണെന്ന് രാഹുൽ ഗാന്ധി  പറഞ്ഞതിന്‍റെ  പൊരുൾ ഇപ്പോൾ തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ. വയനാട് കുടുംബം എന്ന് പറഞ്ഞാൽ സഹോദരി മത്സരിക്കും എന്നാണ്. റോബർട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൂടി മത്സരിപ്പിക്കണം. അപ്പോൾ കോൺഗ്രസുകാർക്ക് തൃപ്തിയാകും. ഇത്രമാത്രം കുടുംബാധിപത്യം ഉള്ള പാർട്ടി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 

ഡാർജിലിംഗ് ട്രെയിൻ അപകടത്തില്‍ യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസമാണെന്ന്  പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. അതോടൊപ്പം അന്വേഷണം പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരൻ ആക്കുന്നത് അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. റെഡ് സിഗ്നലുകൾ മറികടന്ന് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ 10km വേഗത്തിൽ റെഡ് സിഗ്നലി്ന് മുമ്പ് 1 മിനിറ്റ് നിർത്തി മെല്ലെ മുന്നോട്ട് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.

 

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ ഹര്‍ജിയിൽ സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനവും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.

 

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നെഹ്‌റു കുടുംബം മത്സരിക്കുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 

നിയമസഭ ഉപതിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേശ് പിഷാരടി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടതിന് പിന്നാലെയാണ് വിശദീകരണം. തന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യു.ഡി.എഫിനു ഒപ്പമുണ്ടാവുമെന്നും പിഷാരടി വ്യക്തമാക്കി.

 

കൊച്ചി കാക്കനാടുള്ള ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു.

 

കാക്കനാട് ഫ്ലാറ്റിലെ രോഗബാധ ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ജാഗ്രതയോടെ കൈകാര്യം ചെയ്യും. 800ല്‍അധികം പേര്‍ക്ക് പലദിവസങ്ങളിലായി രോഗബാധയുണ്ടായി. ആരോഗ്യവകുപ്പ് വിവരം അറിയാന്‍ വൈകിയത് സ്വകാര്യാശുപത്രികളില്‍ ചികില്‍സ തേടിയതിനാലാണ്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

മലബാറിൽ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്‍റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് ആര്‍‍ഡിഡി ഓഫീസ് ഉപരോധിച്ചു. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരൂ സര്‍ക്കാരെ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. തുടർന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.

 

തൃശൂരിൽ ടിഎന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്റർ. പ്രതാവനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തും സേവ് കോൺഗ്രസ് ഫോറത്തിന്‍റെ  പേരിലാണ് പോസ്റ്റർ. തെരഞ്ഞെടുപ്പ് തോൽവിയിൽ കെ സി ജോസഫിന്‍റെ  നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ വികെ  ശ്രീകണ്ഠൻ പോസ്റ്റർ പതിപ്പിക്കലും മറ്റും വിലക്കിയിരുന്നു.

 

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.

 

ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഓഫീസിൽ വരാതായതോടെ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങൾ താറുമാറായി എന്നു പരാതി. പ്രസിഡൻറും ഭരണപക്ഷ അംഗങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റൻറിനെ  പിരിച്ചു വിട്ടതോടെ ഭിന്നത രൂക്ഷമായി. എന്നാൽ വ്യക്തി പരമായ അത്യാവശ്യങ്ങൾ ഉള്ളതിനാലാണ് ഓഫീസിൽ വരാതിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡൻറിൻറെ വിശദീകരണം.

 

ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന ആലപ്പുഴ- പൂപ്പള്ളി 66 കെവി ലൈൻ 110 കെവിയാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. ഈ ടെണ്ടറിൽ നടന്നത് ആസൂത്രിത ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് പകരം അതിനെക്കാൾ കൂടുതൽ തുക പറഞ്ഞ കമ്പനിക്ക് കരാർ നൽകിയതിലൂടെ കെഎസ്ഇബിക്ക് 34,13,268 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കമ്പനിക്ക് നഷ്ടമായ പണം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചുപിടിക്കാനാണ് ശുപാർശ.

 

വയനാട് വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളില്‍ 10 ദിവസത്തോളം നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിപ്പിക്കുകയും, കൂടല്ലൂർ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തുകയും ചെയ്ത വയനാട് വൈൽഡ് ലൈഫ് 45 എന്ന പേരില്‍ വനം വകുപ്പില്‍ അറിയപ്പെട്ട, കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ ദൗത്യ സംഘത്തിന്  വനം വകുപ്പ് മേധാവി പ്രശംസ പത്രം നൽകി ആദരിച്ചു.

 

എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില്‍ ചാലക്കുടിയിലെ സെന്‍റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ വച്ചാണ് സുശീല മരിച്ചത്. അന്നനാളത്തിലേക്ക് ഇടേണ്ട കുഴൽ മാറി ശ്വാസകോശത്തിൽ ഇട്ടു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടർന്ന് രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അവിടെ നിന്നും മതിയായ ചികിത്സ നൽകാത്തതിനെ തുടര്‍‍ന്ന് സുശീല മരിച്ചെന്നാണ് മകളുടെ ആരോപണം.

 

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വാര്‍ഷികാവധിക്കായി നാട്ടിലേക്ക് വന്ന മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്. 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് ഷബീര്‍.

 

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ  78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

 

പാഠപുസ്തകത്തിൽ നിന്നും തന്റെ പേരൊഴിവാക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദൻ യോഗേന്ദ്ര യാദവ് എൻസിഇആർടിയോട് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പൽഷികറും സംയുക്തമായാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പേരെടുത്തു കളഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.

 

തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.

 

നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ എന്‍ടിഎ അത് തിരുത്താന്‍ തയ്യാറാകണം. എന്‍ടി എ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

 

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുടിയേറ്റക്കാരുമായി എത്തിയ കപ്പൽ തകർന്ന് 11 പേർ കൊല്ലപ്പെട്ടു. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് ചെറിയ കപ്പലുകളിലുമായി 60ഓളം പേരെയാണ് കാണാതായിരിക്കുന്നത്. മരം കൊണ്ടുള്ള ബോട്ടിനുള്ളിൽ നിന്നാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയത്.  ഇതിന് പിന്നാലെയുണ്ടായ മറ്റൊരു അപകടത്തിലാണ് അറുപതോളം പേരെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സ്വീകരിക്കാനൊരുങ്ങി വിയറ്റ്നാമും ഉത്തര കൊറിയയും. 24 വർഷത്തിനിടയിൽ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പ്യോങ്‍യാങിൽ വച്ചാകും പുടിൻ കിം കൂടിക്കാഴ്ച നടക്കുകയെന്നാണ് സൂചന. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിൽ ആശങ്കയുണ്ടെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാൽ സന്ദർശനം സൗഹൃദപരമായ സന്ദർശനം മാത്രമെന്നാണ് ക്രെംലിൻ പ്രതികരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *