പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. പഞ്ച്, നെക്സോണ്‍ ഇലക്ട്രിക് കാറുകള്‍ക്കാണ് സുരക്ഷാ റേറ്റിങ് ലഭിച്ചത്. ആദ്യമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്നത്. ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ആദ്യമായി ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതും ടാറ്റ വാഹനങ്ങള്‍ക്ക് തന്നെയാണ്. ഹരിയര്‍, സഫാരി എസ് യുവി എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്. ഇതുവരെ ഏതൊരു വാഹനവും നേടിയതിനേക്കാള്‍ ഉയര്‍ന്ന സ്കോര്‍ കൈവരിച്ചാണ് പഞ്ച് ഇവി ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയെടുത്തത്. മുതിര്‍ന്നവരുമായി ബന്ധപ്പെട്ട അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ എന്നിവയ്ക്ക് യഥാക്രമം 31.46/32, 45/49 എന്നിങ്ങനെയാണ് പോയിന്റുകള്‍ നേടിയത്. നെക്സോണ്‍ ഇവിയുടെ സ്കോര്‍ യഥാക്രമം 29.86/32, 44.95/49 എന്നിങ്ങനെയാണ്. രാജ്യത്ത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം നടപ്പാക്കിയത്. 2023 ഓഗസ്റ്റില്‍ ആരംഭിച്ച ഭാരത് എന്‍സിഎപി, 3,500 കിലോഗ്രാമില്‍ താഴെയോ അതിന് തുല്യമോ ആയ മൊത്ത ഭാരമുള്ള എം1 വിഭാഗത്തിലുള്ള വാഹനങ്ങളുടെ സുരക്ഷാമൂല്യനിര്ണയമാണ് നടത്തുന്നത്.