ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് പാര്‍ട്ടി വിട്ടത്. ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുമ്പാണു രാജിവച്ചത്.
യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടു തള്ളി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത്. ഇതോടെ ക്ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ ദുരൂഹത വര്‍ധിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്ന ദിവസമായ ഇന്ന് അദ്ദേഹത്തിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി പൊതുജനങ്ങള്‍ക്കു തത്സമയം കാണാന്‍ അവസരമൊരുക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക.
ലൈംഗിക ചൂഷണവും ദുരുപയോഗവും തടയാന്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന് തോമസാണ് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിനു കണ്വന്ഷന് സംഘടിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം പോലീസ് ക്രമസമാധന പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സമരത്തിനെതിരേ പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്കിയ ഹര്‍ജി പരിഗണനിക്കവേയാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്.
വിഴിഞ്ഞത്തെ അതിജീവന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ്. തങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. പോലീസ് സൃഷ്ടിക്കാതിരുന്നാല്‍ മതി. കിടപ്പാടവും സ്വന്തം ഭൂമിയും തൊഴിലുമെല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീര് കോടതികളും കാണണമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി നഗരസഭാ അധികൃതര്‍ വ്യവസായം അടച്ചുപൂട്ടിച്ചതിനു നാടുവിട്ട രാജ് കബിറിനേയും ഭാര്യയേയും പൊലീസ് കോയമ്പത്തൂരില്‍ കണ്ടെത്തി തിരിച്ചെത്തിച്ചു. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാനും നാണംകെടുത്താനുമാണ് വ്യവസായി രാജ് കബീറും ഭാര്യ ദിവ്യയും നാടുവിട്ടതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജമുനാ റാണി ആരോപിച്ചു. സ്ഥാപനത്തിന് മുന്നില്‍ ഷീറ്റ് ഇട്ടതിനു നാലര ലക്ഷം രൂപ പിഴയിട്ട നഗരസഭാ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി ഇടപെട്ടിട്ടും നഗരസഭാ അധികൃതര്‍ വഴങ്ങിയില്ലെന്നാണ് ആരോപണം.
തലശേരി നഗരസഭ അടച്ചുപൂട്ടിച്ച രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികെളെടുത്തെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടാതിരിക്കാന്‍ ജില്ലകളില്‍ വിദഗ്ധര്‍ അടങ്ങുന്ന ക്ലിനിക്കുകള്‍ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങള്‍ സംരംഭകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.