കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നടപ്പാക്കുക. പദ്ധതി പ്രദേശത്തെ മൂന്നു മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏല്‍പിക്കും.
സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. വിസി നിയമനം കൂടുതല്‍ കുറ്റമറ്റതാക്കാനാണു നിയമഭേദഗതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ന്യായീകരിച്ചു. വിസി നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും പുതിയ കൊടി മരങ്ങള്‍ ഉയര്‍ന്നു. ഇതൊക്കെ അധികാരികള്‍ കാണണമെന്നും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിന്റെ ‘ചേക്കുട്ടി’ എന്ന നോവലിന്. യുവ സാഹിത്യ പുരസ്‌കാരം അനഘ ജെ. കോലത്ത് രചിച്ച ‘മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി’ എന്ന കവിത നേടി. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഈ തുക നല്‍കണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കണം. തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും കോടതി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ച എന്തോ സഫലീകരിച്ചിട്ടില്ലെന്നു പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ സമനില തെറ്റിയിട്ടുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവര്‍ണര്‍ ആര്‍എസ്എസ് സേവകനായി മാറി. ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായി സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മന്ത്രിമാര്‍ സമര നേതാക്കളെ അറിയിച്ചു. സമരം തുടരുമെന്ന് സമരനേതാക്കളായ പുരോഹിതരും വ്യക്തമാക്കി. മണ്ണെണ്ണയുടെ കാര്യത്തില്‍ ചര്‍ച്ച പോലും നടന്നില്ല. മന്ത്രിമാരായ വി.അബ്ദുറഹ്‌മാന്‍, ആന്റണി രാജു, ജില്ലാ കളക്ടര്‍, വികാരി ജനറല്‍ യൂജിന്‍ പെരേര, സമരസമിതി കണ്‍വീനര്‍ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിയമസഭയില്‍ കെ.കെ ശൈലജ നടത്തിയ ആത്മഗതത്തിന് ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂലെന്നും നൂറു ശതമാനം വിശ്വസിക്കാമെന്നും’ കെ.ടി. ജലീലിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണു പ്രതികരണം. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്കിടെ ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോയെന്നു ശൈലജ പറഞ്ഞത് വിവദമായിരുന്നു.