45 മുതല്‍ 55 വയസ്സിനുള്ളില്‍ സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവം നിലയ്ക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ആര്‍ത്തവ വിരാമം ഏറ്റവും കൂടുതല്‍ ബാധിക്കും എല്ലുകളെയും പേശികളെയുമാണ്. നാരുകള്‍ ധാരളം അടങ്ങിയ ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, അവയില്‍ അടങ്ങിയ അവശ്യ പോഷകങ്ങളായ വിറ്റാമിന്‍ ബിയും മഗ്‌നീഷ്യവും ഊര്‍ജ്ജം നിലനിര്‍ത്താനും ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും എല്ലുകളുടെ ആരോഗ്യത്തിനും, വീക്കം കുറയ്ക്കുന്നതിനും, പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, ബെറികള്‍ എന്നിവ ആര്‍ത്തവ വിരാമ കാലത്ത് കഴിക്കുന്നത് നല്ലതാണ്. ആര്‍ത്തവ വിരാമ കാലത്ത് സന്ധി വേദനയും ഹൃദ്രോഗ സാധ്യതകളും കൂടുതലായിരിക്കും. ഇതിനെ പ്രതിരോധിക്കാന്‍ മത്തി, അയല പോലുള്ള മീനുകളില്‍ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കും. ഡയറ്റില്‍ മീന്‍ ഉള്‍പ്പെടുത്തുന്നത് മസ്തിഷ്‌ക ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാവസ്ഥയും വൈജ്ഞാനിക മാറ്റങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യാം. ആര്‍ത്തവ വിരാമ കാലഘട്ടത്തില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ പങ്ക് നിര്‍ണായകമാണ്. പാല്‍, ചീസ്, തൈര്, ലസ്സി തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതോടെ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. ലിഗ്‌നാനുകള്‍ ധാരാളം അടങ്ങിയ ഫ്‌ലാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും ഹീറ്റ് ഫ്‌ലാഷുകള്‍ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ഫ്‌ലാക്‌സ് വിത്തുകള്‍ സ്മൂത്തികളിലോ തൈരിലോ ചേര്‍ത്ത് കഴിക്കാം. ആര്‍ത്തവവിരാമ സമയത്ത് ജലാംശം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്. ഇത് ശരീരഭാരവും ഹീറ്റ് ഫ്‌ലാഷുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമത്തില്‍ കുറയാന്‍ തുടങ്ങുന്ന രണ്ട് കാര്യങ്ങളാണ് പേശികളുടെ ഭാരവും എല്ലുകളും ആരോഗ്യവും. പ്രോട്ടീന്‍ അടങ്ങിയ ബീന്‍സ്, പയര്‍, മാംസം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ആര്‍ത്തവവിരാമ സമയത്ത് ഭാരവും ഊര്‍ജ്ജ നിലയും നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്.