ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാരായ താജ് ഹോട്ടല്‍സ് ഗുരുവായൂരില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ആധ്യാത്മിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗുരുവായൂരിലേക്കുള്ള വരവ്. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലും വാരണാസിയിലും അടക്കം വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഐ.എച്ച്.സി.എല്‍ ആധ്യാത്മിക ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ചത്വാല്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ചേര്‍ന്ന് പുതിയ പ്രൊജക്ടുകള്‍ പരിഗണിക്കുന്നുണ്ട്. രമേശ്വരത്തും മധുരയിലും സാന്നിധ്യമെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ തിരുപ്പതിയില്‍ രണ്ടാമത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താജ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൂടുതല്‍ വികസനം നടക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചത്വാല്‍ പങ്കുവച്ചു.