ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ടൈസോറിന്റെ ഡിമാന്‍ഡില്‍ വലിയ വര്‍ധന. ആകെ ബുക്കിങിന്റെ 45 ശതമാനവും ടൈസോറിന്റെ ടര്‍ബോ പെട്രോള്‍ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. 7.74 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് വില. ടൈസോര്‍ ടര്‍ബോയുടെ വില്‍പനയില്‍ 55 ശതമാനവും മാനുവല്‍ ഗിയര്‍ബോക്സുള്ള കാറുകളാണ്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ മോഡലിനും മികച്ച പ്രതികരണമാണ്. നിറങ്ങളില്‍ കഫേ വൈറ്റിനാണ് കൂടുതല്‍ ആവശ്യക്കാര്‍. ഗെയിമിങ് ഗ്രേ, സ്പോര്‍ടിങ് റെഡ്, ലൂസെന്റ് ഓറഞ്ച് എന്നിവയും പിന്നാലെ വരുന്നു. ഉയര്‍ന്ന മോഡലായ വി എടി, വി എംടി എന്നിവക്കാണ് കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്. എന്‍ട്രി ലെവല്‍ ഇ വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി വകഭേദം ലഭ്യമായിട്ടുള്ളത്. താരതമ്യേന കുറഞ്ഞ ആവശ്യക്കാരാണ് സിഎന്‍ജി വകഭേദത്തിനുള്ളത്. ആകെ ബുക്കിങിന്റെ 15 ശതമാനം മാത്രമാണ് സിഎന്‍ജി മോഡലിനുള്ളത്. 8.71 ലക്ഷം രൂപയാണ് സിഎന്‍ജി മോഡലിന്റെ വില. 1.2 ലീറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 100 എച്ച്പി, 147.6 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്നതാണ് 1.0 ലീറ്റര്‍ എന്‍ജിന്‍. 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും 1.2 ലീറ്റര്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുമാണുള്ളത്. 1.2 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവലും എഎംടി ഗിയര്‍ബോക്സും ലഭിക്കും. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ എസ് യു വിയാണ് ടൈസോര്‍.