Screenshot 2024 02 27 20 21 14 990 com.android.chrome edit

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ 61.16% രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിലാണ് രേഖപ്പെടുത്തിയത്(72.34%). ഹൈദരാബാദിൽ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%). പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല. ആന്ധ്രയിൽ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിം​ഗ്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടന്നത്.

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. മോദി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന ഇല്ലാതാക്കുമെന്ന് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു.

രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം . സിപിഐയുടെ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് പാർട്ടി. ജോസ് കെ മാണി ഒഴിയുന്ന സീറ്റിൽ കേരള കോൺഗ്രസും അവകാശവാദം ശക്തമാക്കി. എളമരം കരീമിൻറെയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി തീരുന്നത് ജൂലൈ ഒന്നിനാണ്.എൽഡിഎഫിനുള്ള രണ്ടാം സീറ്റിനെ ചൊല്ലിയാണ് ഭിന്നത നിലനിൽക്കുന്നത്.

സംസ്ഥാനത്തെ 3 ലോക്സഭാ സീറ്റിൽ ഒരു സീറ്റ് മത്സരിക്കാൻ വേണമെന്ന നിലപാടുമായി ജോസ് കെ മാണി. യുഡിഎഫ് വിട്ടു വന്നപ്പോൾ രാജ്യസഭ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നൽകണമെന്നു വാദിക്കാനുമാണ് പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. എൽഡിഎഫിന്റെ തുടർഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റ നിലപാടെന്നും അതിനാൽ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.ബൾക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്.

പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ യുവരാജ് സാഗർ എന്ന കപ്പൽ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കപ്പൽ ഫോർട്ട്‌ കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു.  അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുo കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു.

കാഫിർ സ്ക്രീൻ ഷോട്ടിൽ ‌വടകര എസ്പിക്ക് പരാതി നൽകി ഖാസിം. പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും ‘കാഫിർ’ സ്ക്രീൻഷോട്ടിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.ശൂന്യതയിൽ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും’ പാറക്കൽ അബ്ദുള്ള എംഎൽഎ അറിയിച്ചു.

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് മെയ് 28 മുതൽ ജൂൺ നാല് വരെ സേ പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ.  ഇപ്പോൾ പുലിമുട്ടിന്‍റെ സംരക്ഷണ ഘടകങ്ങളായ ആർമറും Accropode-ഉം സ്ഥാപിക്കുന്നത് പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്.തിരമാലകളിൽ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ള ശാന്തമായ കടൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പുലിമുട്ടിൻ്റെ നിർമ്മാണോദ്ദേശമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് റെയില്‍വെ ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് റെയില്‍വെ. പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുന്നതോ, വിഭജിക്കുന്നതോ സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ല. പാലക്കാട് ഡിവിഷനല്‍ റെയില്‍വെ മാനേജർ അരുൺ കുമാർ ചതുർവേദി വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂള്‍ തുറക്കുന്നതിന് മുമ്പായി ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നതിനായാണ് പ്രത്യേക കോണ്‍ക്ലേവ് നടത്തുന്നത്.

കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഭീരുവിനെപ്പോലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്തിനാണന്ന് രാജ്മോഹൻ ഉണ്ണിത്താൻ . പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വാർത്താ സമ്മേളനം നടത്തിയാൽ മറുപടി രേഖാമൂലം നൽകുമെന്നും ഉണ്ണിത്താൻ വിശദമാക്കി.

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന്  പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം. തടവുകാര്‍ക്കെതിരെ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വേറെയും കേസെടുക്കുമെന്നാണ് വിവരം.

ഇന്ന് നടത്തിയ ഡ്രൈവിംഗ് ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപപ്.  117 പേർക്ക്ഇന്ന് ടെസ്റ്റ് നടത്തി, 52 പേർ വിജയിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ പ്രതിഷേധക്കാരെ മറികടന്നാണ് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍റെ മകള്‍ക്കടക്കം ടെസ്റ്റ് ഇന്ന് നടത്തിയത്.

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തുവെന്നും, ഷാഫി പറമ്പിൽ ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.

ആര്‍എംപി നേതാവ് ഹരിഹരന്‍റെ വീട് ആക്രമിച്ചതില്‍ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു. ഹരിഹരനിലൂടെ പുറത്ത് വന്നത് യുഡിഎഫിന്‍റെ മനോനിലയാണ്. സിപിഎം പുറത്താക്കുന്നവരെ വലയിട്ട് പിടിച്ച് ഹരിഹരൻമാർ ആക്കുന്നതാണ് കോൺഗ്രസ് രീതി. അതോടൊപ്പം മുക്കം ഫൈസിക്ക് നിസ്കരിക്കാൻ മുട്ടിയെന്ന ഹരിഹരന്‍റെ പരാമർശത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും, 2ലക്ഷം രൂപ പിഴയുമൊടുക്കണം. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷനും, വിധിയിൽ ആശ്വാസമുണ്ടെന്ന് വിഷ്ണുപ്രിയയുടെ കുടുംബവും പ്രതികരിച്ചു.

മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക വ്യക്തമാക്കി. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്നും, ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,  വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതോടൊപ്പം അട്ടപ്പാടിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷി നാശമുണ്ടായി.

കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് സിപിഐയുടെ സ‍‍ർവീസ് സംഘടനയായ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ തിരുവനന്തപുരം കളക്ടറേറ്റിൽ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ കളക്ടർക്കെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

മുഖ്യമന്ത്രിയുടെ പിഎ മർദ്ദിച്ചെന്ന് ആരോപിച്ച് എഎപി എംപി സ്വാതി മലിവാൾ.രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു. സംഭവം കെജ്രിവാളിനെതിരെ ബിജെപി ആയുധമാക്കി. മുഖ്യമന്ത്രിയെ കാണാൻ എത്തിയ തന്നെ കെജരിവാളിന്‍റെ പിഎ വൈഭവ് കുമാർ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. പിന്നാലെ സ്റ്റേഷനിൽ എത്തിയ സ്വാതിയോട് മെഡിക്കൽ പരിശോധനക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചു.

എച്ച് ഡി രേവണ്ണയ്ക്ക് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി സോപാധിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴി‌ഞ്ഞ രേവണ്ണ കേസിൽ നിന്ന് പുറത്തുവന്നത്.

മുബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന്  മുകളിൽ തകർന്നുവീണു. അപകടത്തില്‍ 35 പേർക്ക് പരിക്കേറ്റു. 100 ലധികം ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശിലെ ജോൻപൂരിൽ മാധ്യമപ്രവർത്തകനായ സുദർശൻ ന്യൂസ് റിപ്പോർട്ടർ അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊന്നു . ജോൻപൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇന്നലെ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ആണ് വൈ എസ് ആ‌ർ സി പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈ എസ് ആ‌ർ സി പി ദയനീയമായി പരാജയപ്പെടുമെന്നും കേവലം 51 സീറ്റിലേക്ക് ഒതുങ്ങുമെന്നും പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇറാനിലെ ചബഹാർ തുറമുഖത്തിൻറെ പത്തു കൊല്ലത്തേക്ക് നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. മധ്യേഷ്യയിൽ ഇറാനും ഇസ്രയേലുമായുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഈ തുറമുഖത്തിന്റെ നിർമ്മാണ പ്രവ‍ർത്തനത്തിൽ ഇന്ത്യ നേരത്തെ തന്നെ സഹകരിച്ചിരുന്നു.

താൻ ഉടൻ വിവാഹിതനാകുമെന്ന് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി തൻ്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് രാഹുൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്. റായ്ബറേലിയിൽ നടന്ന റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *