k swift 2

കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് മൂവായിരം രൂപ അഡ്വാന്‍സ് നല്‍കുമെന്നു കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കാണ് അഡ്വാന്‍സ്. സെപ്തംബര്‍ ആദ്യ വാര പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തില്‍നിന്ന് തിരിച്ചു പിടിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.

പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കണ്ടെത്താന്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ പാലക്കാട്ടെ പോലീസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് ഇരുവരുടേയും അമ്മമാരാണു പരാതിയുമായി കോടതിയിലെത്തിയത്. ഷാജഹാന്‍ കൊലക്കേസില്‍ എട്ടു പേരാണ് അറസ്റ്റിലായത്.

അട്ടപ്പാടി മധു കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു കോടതി. പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമര്‍ശങ്ങള്‍. പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍  ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിക്കെതിരേ ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞെന്ന് ഉത്തരവില്‍ പറയന്നു.

തൊടുപുഴയില്‍ പൊലീസുകാരന്‍ മയക്കുമരുന്നുമായി പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ  ഷനവാസാണ് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പോലീസ് അസോസിയേഷന്‍ നേതാവാണ് ഇയാള്‍.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തേക്കു മദ്യശാലകള്‍ തുറക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇന്നും നാളേയും മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്.

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തന്നെ സ്റ്റാഫംഗങ്ങളെ അറസ്റ്റു ചെയ്തത് ബിജെപിയെ പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ഗാന്ധിയെ അപമാനിക്കാനാണ് കള്ളക്കേസില്‍ കുടുക്കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വ്യവസായ മന്ത്രി പി രാജീവിന്റെ വാഹനം റൂട്ടുമാറ്റി കൊണ്ടുപോയതിനു സസ്‌പെന്‍ഡു ചെയ്ത അകമ്പടി വാഹനത്തിലെ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വഴിമാറ്റി സഞ്ചരിച്ചതില്‍ മന്ത്രിക്ക് അതൃപതിയുണ്ടായെന്ന് ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്‌ഐ അടക്കം രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയതത്. സസ്‌പെന്‍ഷന്‍ ഉത്തരവിനെതിരെ മന്ത്രിയും പൊലീസ് സംഘടനകളും രംഗത്തുവന്നിരുന്നു.

പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കി ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക. ഡി.വൈ.എഫ്.ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ് സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിനു കരള്‍ പകുത്തുനല്‍കിയത്.

പാന്റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ചുപിടിപ്പിച്ച് കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധനയില്‍നിന്നു രക്ഷപ്പെട്ട ഇയാളെ പുറത്തു കാത്തുനിന്ന പോലീസ് പിടികൂടുകയായിരുന്നു.

മാധ്യമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിമര്‍ശനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോയെന്നു മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ കാലമാണ്. മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടുക്കിയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബി (43)യാണ് പിടിയിലായത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയില്‍നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പാലക്കാട് കാഞ്ചിക്കോട് ദേശീയ പാതയില്‍ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഘത്തിലെ അഞ്ചു പേര്‍ അറസ്റ്റില്‍. രണ്ടു പേരെകൂടി പിടികൂടാനുണ്ട്. രോഹിത്, നിഖില്‍, അക്ബര്‍, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. അഞ്ചു പേരും കഞ്ചിക്കോട് സ്വദേശികളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *