മുന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, അജിത്ത് പി ഷാ, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം എന്നിവരുടെ – പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള തുറന്ന സംവാദം – എന്ന ആശയത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു നല്ല സംരംഭമായിരിക്കുമെന്നും കോണ്‍ഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ഈ സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഭരണകക്ഷിയിലെ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നുക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷം നല്‍കിയ പരാതികളില്‍ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ ഉപദ്ദേശ രൂപേണ പൌരന്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
മേയ് ഏഴിന് നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.
നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനമെന്നും ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം.
തൃപ്പൂണിത്തുറയില്‍ 70 വയസുള്ള അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ എസ്.എച്ച്.ഒയോട് കമ്മിഷന്‍ അം?ഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സി.പി.എമ്മിനോട് കൈ കൂപ്പി പറയുന്നുവെന്നും നിങ്ങള്‍ ശ്രമിച്ചാലും അത് നടക്കില്ലെന്നും ഞങ്ങള്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രതിരോധിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.വടകരയില്‍ യു.ഡി.എഫ്. നടത്തിയ ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയന്‍ ത്രിപുരയില്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതെ സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കരമനയില്‍ അഖിലെന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ഒരു രാജ്യം ഒരു നേതാവ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി ഉടന്‍ തന്നെ ഇല്ലാതാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച് അടുത്ത വര്‍ഷം റിട്ടയറാകുമെന്നും ഇപ്പോള്‍ നരേന്ദ്രമോദി വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
75 വയസു കഴിഞ്ഞാല്‍ പദവി ഒഴിയണമെന്ന് ബിജെപിയുടെ ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്നും ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ലെന്നും അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാല്‍ റിട്ടയര്‍ ചെയ്യേണ്ടി വരുമെന്നുമുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോപണം അസംബന്ധമാണെന്ന് രാജ്നാഥ് സിംഗ്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ബിജെപിയിലോ എന്‍ഡിഎയിലോ ഇക്കാര്യത്തില്‍ സംശയമില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കടലാസില്‍ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാമോയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായകിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ജില്ലകളുടെ പേരു പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ലെങ്കില്‍, നിങ്ങളുടെ വേദനകള്‍ അദ്ദേഹം എങ്ങനെ മനസ്സിലാക്കുമെന്നും മോദി ചോദിച്ചു. ഒഡീഷയിലെ കണ്ഡമാലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയിലെ നായബ് സൈനി സര്‍ക്കാറിന് 3 സ്വതന്ത്ര എം എല്‍ എമാരെ കൂടാതെ ഒരു സ്വതന്ത്ര എം എല്‍ കൂടി പിന്തുണ പിന്‍വലിച്ചു. മേഹം എം എല്‍ എയായ ബല്‍രാജ് കുണ്ടുവാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ഹരിയാനയില്‍ ബി ജെ പി സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം.
ഗുരുതരമായ ആരോപണം നേരിടുന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്നും ഇക്കാര്യം ഗവര്‍ണര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച രാജ്ഭവന്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു.
ഇനിയും രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ഗവര്‍ണര്‍ രാജിവെക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം മകന്‍ വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതെന്നും മറ്റൊരു കാരണവും പ്രത്യക്ഷത്തില്‍ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയില്‍ സങ്കടപ്പെടുത്തിയെന്നും ബിജെപി നേതാവ് മനേക ഗാന്ധി. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കര്‍മഭൂമിയെന്നും സുല്‍ത്താന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മനേക ഗാന്ധി പറഞ്ഞു.
ഡല്‍ഹി കാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ബിസിസിഐ ഐപിഎല്ലിലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ബിസിസിഐ യുടെ തീരുമാനം. നേരത്തെ രണ്ട് തവണ കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭ് പന്തിന് പിഴശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് റിഷഭ് പന്തിനെ പിഴക്ക് പുറമെ ഒരു മത്സരവിലക്കും ബിസിസിഐ അച്ചടക്കസമിതി വിധിച്ചത്. ഇതോടെ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തില്‍ റിഷഭ് പന്തിന് പുറത്തിരിക്കേണ്ടിവരും.