ഹോളിവുഡിലെ ശ്രദ്ധേയമായ ഹൊറര്‍ ത്രില്ലര്‍ ഫ്രാഞ്ചൈസി ‘എ ക്വയറ്റ് പ്ലേസ്’സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സ്പിന്‍ ഓഫ് പ്രീക്വല്‍ ആണ് എ ക്വയറ്റ് പ്ലേസ്: ഡേ വണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം. ലുപിറ്റ ന്യോങ്കൊ, ജിമൊന്‍ ഹൊന്‍സു, ജോസഫ് ക്വിന്‍, അലക്‌സ് വോള്‍ഫ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സിനിമയുടെ പുതിയ ട്രെയിലര്‍ എത്തി. ഇതില്‍ ജിമൊന്‍ ഹൊന്‍സുവിന്റെ കഥാപാത്രം ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിക്കൊളാസ് കേജിനെ നായകനാക്കി ‘പിഗ്’ എന്ന ചിത്രമൊരുക്കിയ മൈക്കല്‍ സര്‍ണോസ്‌കിയാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സര്‍ണോസ്‌കിയുടേതു തന്നെ. ചിത്രം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും. പാരമൗണ്ട് പിക്‌ചേഴ്‌സ് ആണ് വിതരണം. ജോണ്‍ ക്രസിന്‍സ്‌കി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2018ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് എ ക്വയറ്റ് പ്ലേസ്. 17 മില്യന്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ്ഓഫിസില്‍ നിന്നും വാരിയത് 341 മില്യനാണ്. 2021ല്‍ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗവും ബോക്‌സ് ഓഫിസില്‍ വലിയ വിജയമായിരുന്നു. ജോണ്‍ തന്നെയായിരുന്നു രണ്ടാം ഭാഗവും സംവിധാനം ചെയ്തത്.