Untitled design 20240510 172922 0000

മലയാളത്തിലെ നിരവധി നോവലുകൾ നമുക്ക് ഹൃദിസ്ഥമാണ്. അവയിൽ തന്നെ നമുക്കേറെ പ്രിയപ്പെട്ട എഴുത്തുകാരും അവരുടെ പുസ്തകങ്ങളും ഉണ്ട്. എം ടി വാസുദേവൻ നായർ പുതുതലമുറയെ പോലും അക്ഷരങ്ങൾ കൊണ്ട് അമ്പരപ്പിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ രണ്ടാമൂഴം എന്ന നോവലിനെ കുറിച്ച് നമുക്കൊന്നു നോക്കാം…..!!!

മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻനായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് ഈ പേരിനു പിന്നിൽ ഉള്ള കഥ.

മഹാഭാരതകഥ തന്നെയാണ് എം ടി വാസുദേവൻ നായർ രണ്ടാമൂഴത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും എല്ലാം തന്നെ ഈ നോവലിൽ വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്. ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് നമുക്ക് പോലും സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മഹാഭാരതത്തിലെ ഭീമന്റെ എല്ലാ വ്യാകുലതകളും ചിന്തകളും രണ്ടാമൂഴത്തിൽ പറഞ്ഞു പോകുന്നുണ്ട്. നമുക്ക് എളുപ്പത്തിൽ ഭീമനെ മനസ്സിലാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ രചന.ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നുണ്ട്. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കുകയാണ്. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു. സ്വന്തമായി ചിന്തിക്കുന്നതിനേക്കാൾ ഭീമൻ മറ്റുള്ളവരുടെ വാക്കുകൾക്കായിരുന്നു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും മറ്റാരെങ്കിലും പറയുന്നതിനനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ ഉള്ള ഒരു അവസരമാണ് എം ടി നമുക്കായി ഒരുക്കി തന്നത് . ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. മാത്രമല്ല വിശോകന് രണ്ടാമൂഴത്തിൽ തന്റേതായ ഒരു സ്ഥാനവും കഥാകാരൻ നൽകിയിട്ടുണ്ട്.പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു. അതും നമുക്ക് രണ്ടാമൂഴത്തിലൂടെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

കൃഷ്ണദ്വൈപായനൻ വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞുപോകുന്നുണ്ട്.തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച രണ്ടാമൂഴം രണ്ടാം പതിപ്പിൽ പുതിയ ചിത്രങ്ങളും നോവലിൽ വരച്ചുചേർത്തിട്ടുണ്ട്.

1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീർക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നുണ്ട്.നിരവധി പുരസ്കാരങ്ങളും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.1985 ലെ വയലാർ പുരസ്കാരം ഈ കൃതിക്കാണ് ലഭിച്ചത്.ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. രണ്ടാമൂഴം സിനിമയാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിരുന്നു. മോഹൻലാൽ ഭീമനെ അവതരിപ്പിക്കും എന്നും വാർത്തകൾ വന്നിരുന്നു. പക്ഷേ ഇന്നും ഇതിന് കൃത്യമായ ഒരു ഉത്തരം നമുക്ക് ലഭിച്ചിട്ടില്ല. രണ്ടാമൂഴം സിനിമയായി മോഹൻലാൽ അതിലെ ഭീമനായി വരുമോ എന്ന് കാത്തിരുന്ന് കാണാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *