തൊഴിലാളികളുടെ സമരം മൂലം 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 292 വിമാന സർവീസുകള്‍ തുടരുന്നുണ്ടെന്നും, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കുയോ ചെയ്യാനുളള സജീകരണമൊരുക്കിയതായും വിമാനക്കമ്പനി അറിയിച്ചു. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ റെഡ്‍വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു.
അലവന്‍സ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിന്‍ ക്രൂവിന് നല്‍കിയ പിരിച്ചുവിടല്‍ കത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കുന്നു.
മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും ആരും ടെസ്റ്റിന് എത്തിയില്ല. സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതി പറയുന്നത്. ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി. കൂടാതെ സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നും, ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണെന്നും ഐഎന്‍ടിയുസി വിമര്‍ശിച്ചു.
കൊച്ചി അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാർ പണിമുടക്കിൽ. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് മുടങ്ങി.
തലസ്ഥാനത്തെ കളക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. ചികിത്സയ്ക്കായി കലക്ടർ ജെറോമിക് ജോർജ്ജ് സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചതെന്നും കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമെന്നും കെജിഎംഒ കുറ്റപ്പെടുത്തി.
കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം നാലു പേരെ പ്രതികളാക്കികൊണ്ടാണ് ഇഡിയുടെ കുറ്റപത്രം.
തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. 2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
മൂവാറ്റുപുഴയിൽ നായയുടെ കടിയേറ്റ ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായയാണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു. നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പാലക്കാട് വടക്കഞ്ചേരിയില്‍ പള്ളിയില്‍ വീണ്ടും മോഷണം. വടക്കഞ്ചേരി മുഹ്‌യുദ്ദീൻ ഹനഫി പള്ളിയിൽ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. മോഷണതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടിറച്ചി വിറ്റു എന്ന കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയായ ഡിഫ്ഒ രാഹുലിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ രാഹുലിന്‍റെ ഹർജി പരിഗണിച്ച കോടതി ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു.
വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടി വി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർഥിച്ചു. നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.
പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥി മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ മരിച്ചു. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്താണ് യഹിയയെ കാണാതായത്.
കോഴിക്കോട് അച്ഛനെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഏകരൂര്‍ സ്വദേശി ദേവദാസിന്‍റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാൽ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. മകന്റെ മർദ്ദനത്തെ തുടർന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.
പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരം നൽകും. 66 പേർ ഇന്ന് പദ്മ പുരസ്കാരം ഏറ്റുവാങ്ങും.
രാജ്യത്തിൻെറ സമ്പത്ത് നരേന്ദ്രമോദി അദാനിക്കും അംബാനിക്കും കൈമാറുന്നു എന്ന പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. മോദി തന്നെ ഈ വിഷയം പറയേണ്ടി വന്നത് വിജയമായെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്നും, നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിലെ പ്രസംഗമധ്യേ ചോദിച്ചിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അയോധ്യ വിധി തിരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. പച്ചക്കള്ളമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നതെന്നും ,സുപ്രീംകോടതി തീരുമാനത്തെ എല്ലാവരും മാനിക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഇതുവരെ ചെയ്തിട്ടുള്ള നിലപാടില്‍ മാറ്റമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഇത്തവണയെന്ന് റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 400ന് താഴെയായി. 543 അംഗ ലോക്‌സഭയിലേക്ക് 328 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്.
അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദർശനം നടത്തുന്ന വീഡിയോ അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവർണർ അയോധ്യയിൽ എത്തുന്നത്. അയോധ്യയുടെ അയൽക്കാരനാണ് താന്നെന്നും ഗവർണർ പറഞ്ഞു.
ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് യുഎസ്. എന്നാൽ ഇസ്രയേലിനുള്ള ആയുധ വിതരണം താത്കാലികമായി നിര്‍ത്തുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചു.900 കിലോഗ്രാം ഭാരമുള്ള 1,800 ബോംബുകളും 226 കിലോഗ്രാം ഭാരമുള്ള 1,700 ബോംബുകളുടെയും കയറ്റുമതിയാണ് നിര്‍ത്തി വച്ചിരിക്കുന്നത്.