തെന്നിന്ത്യ മുഴുവന്‍ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹിഷാം അബ്ദുല്‍ വഹാബിന്റെ യാത്രകള്‍ക്ക് എംജി യുടെ കുഞ്ഞന്‍ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിള്‍ ഗ്രീന്‍ സ്റ്റേറി ബ്ലാക് ഡ്യൂവല്‍ ടോണ്‍ നിറത്തിലുള്ളതാണ് ഹിഷാമിന്റെ കോമറ്റ്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സംഗീത സംവിധായകന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ കോമറ്റ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറാണ്. ഇതിന്റെ ബേസ് എക്സിക്യൂട്ടീവ് വേരിയന്റിന് 6.98 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എംജി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ റേഞ്ച് കോമറ്റിന് ലഭിക്കും. 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. 42 പിഎസ് കരുത്തും 110 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്.