അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ മത്സരത്തിനിറങ്ങുമെന്നാണ് സൂചന.നാളെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രജ്വൽ രേവണ്ണ എന്ന കുറ്റവാളിയെ രാജ്യം വിടാൻ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടി.കയ്യിൽ ഇന്റലിജൻസും കസ്റ്റംസും ഐ ബിയും ഉണ്ടായിട്ടും പ്രജ്വലിനെ മോദി രാജ്യം വിടാൻ അനുവദിച്ചു. ഒരു സമൂഹ ബലാത്സംഗം നടത്തിയ കൊടുംകുറ്റവാളിക്കാണോ മോദി പിന്തുണ പ്രഖ്യാപിച്ചതെന്നും രാഹുൽ വിമർശിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണ്. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാധ്യത. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുo. എൽഡിഎഫിന് 12 സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടൽ.
കെഎസ്ആർടിസി ബസ് ഡ്രൈവറും ആയി ഉണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെ വേട്ടയാടുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് വി വസീഫ്. കെഎസ്ആർടിസി ഡ്രൈവറെ മേയർക്കോ എംഎൽഎയ്ക്കോ മുൻപരിചയം ഇല്ല. ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമെന്നും വി വസീഫ് പറഞ്ഞു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും -കെഎസ്ആര്‍ടിസി ഡ്രൈവര്റും തമ്മിൽ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എം വിൻസെന്റ് എംഎല്‍എ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കാൻ മടിക്കുകയാണ്, കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിൻസെന്റ് എംഎല്‍എ പറഞ്ഞു.
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിൽ മേയ് രണ്ട്, മൂന്ന് തീയതികളിൽ ഉയർന്ന രാത്രി താപനില തുടരാൻ സാധ്യതയുണ്ട്.
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റവും നല്കി. 4 ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.കെഎസ്ആര്‍ടിസി ചെയര്മാൻ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.
എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും അന്തിമവാദം തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ110 നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം തുടരുന്നതിനാൽ ലാവലിൻ അടക്കം കേസുകൾ കോടതി ഇന്ന് പരിഗണിച്ചില്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി. കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാoവാരത്തോടെ നടത്തും.തുടർന്ന്അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്ന് മന്ത്രി വി.എന്‍.വാസവന് പറഞ്ഞു.
കോൺഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാജീവ് ചന്ദ്രശേഖറും, സുധാൻഷു ത്രിവേദിയും.കോൺഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇതിന് നേതൃത്വം നൽകി എന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രജ്വൽ രേവണ്ണയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ചോർത്തി നൽകിയെന്ന് വെളിപ്പെടുത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഡിയെ കാണാനില്ല. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാർത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കാർത്തിക് റെഡ്ഡിയെ കാണാതായത്.
14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരമാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇവയിൽ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാർമസിയുടേതാണ്.
റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. ബ്രിജ്ഭൂഷണിന്റെ മകന് കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി.