വീചാറ്റിന്റെ പാത പിന്തുടര്ന്ന് വാട്സ്ആപ്പും ഒരു ഓള് ഇന്‍ വണ്‍ ആപ്പായി മാറാനുള്ള പുറപ്പാടിലാണ്. നേരത്തെ വാട്സ്ആപ്പില്‍ അവതരിപ്പിച്ച വാട്സ്ആപ്പ് പേ എന്ന യു.പി.ഐ സേവനവും അതുപോലെ ഫയലുകള്‍ ഓഫ്ലൈനായി പങ്കുവെക്കാനുള്ള സൗകര്യവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ വാട്സ്ആപ്പില്‍ ഇന്‍-ആപ്പ് ഡയലര്‍ അവതരിപ്പിക്കാന്‍ പോവുകയാണ് മെറ്റ. അതെ, വാട്സ്ആപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷന് വരുമെന്ന സൂചന പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോ ആണ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളിയായാണ് വാട്സ്ആപ്പ് ഡയലര്‍ അവതരിപ്പിക്കുന്നത്. നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിലൂടെ ആളുകളെ കോള്‍ ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകള്‍ക്ക് വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റിങ്ങിന് ശേഷം എല്ലാ യൂസര്‍മാരിലേക്കും എത്തിക്കും. ‘ഡയലര്‍ ഇന്റര്‍ഫേസിന്റെ’ കൃത്യമായ സംയോജനം എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാട്ട്സ്ആപ്പിലെ കോള്‍ ടാബില്‍ ഒരു ഡയലര്‍ ഷോര്‍ട്ട്കട്ട് ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകള്‍ നടക്കുക.