കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദിയുടെ പരാമർശം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്നും, ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുൽഗാന്ധി പരിഹസിച്ചു. അതോടൊപ്പം കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകുമെന്നും രാഹുൽ പറഞ്ഞു.
പല ബൂത്തുകളിലും സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്.
സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യ നേതാക്കൾ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുന്നുവെന്നും അവർക്കുള്ള തക്കതായ മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും മോദി വ്യക്തമാക്കി. വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു /കളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്‍റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു.
ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപിക്ക് ജാഗ്രത കുറവുണ്ടായി. ഇത്തരക്കാരുമായി ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ശേഷം പ്രതികരിച്ചു.
ഇ പി ജയരാജന്‍, പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി വി ഡി സതീശന്‍. കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി, സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറഞ്ഞു. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്. ഇ പിയുടെ മകന്‍റെ ആക്കുളത്തുള്ള വീട്ടിലേക്ക് എന്തിനാണ് ജാവദേക്കര്‍ പോയത്. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണ്’ എന്നും വി ഡി സതീശന്‍ പറഞ്ഞു.
പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്നും പി സി ജോർജ്. സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പി സി ജോർജ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചതിന് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു.
ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. ഇടുക്കി കുമ്പപ്പാറ പതിനാറാം ബൂത്തിൽ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാർത്ഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി .
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 7 പേർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്.പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.
കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു. നിലവിൽ സ്ഥിതി ശാന്തമാണ്.
ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍മാർക്ക് സ്വന്തമായി ഇവിഎമ്മില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലങ്കില്‍ മാത്രമേ ഓപ്പണ്‍ വോട്ട് അനുവധിക്കാന്‍ പാടുള്ളൂ . ഈ കാര്യങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വോട്ടറുടെ താല്‍പര്യപ്രകാരം അവര്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ കൂട്ടാളിയെ അനുവദിക്കുകയുള്ളൂ.
കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാര്‍ പിടികൂടിയത്.77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.
26 മുതൽ 28 വരെ ഏഴ് തെക്കൻ ജില്ലകളിൽ മഴ ഉണ്ടാകും.29, 30 തീയതികളിൽ രണ്ട് വടക്കൻ ജില്ലകളിലും മഴയ്ക്ക് സാധ്യത. കൊടും ചൂടിനിടെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ പ്രകാശ് ജാവദേക്കർ. നേതാക്കളെ കണ്ടാൽ എന്താണ് പ്രശ്നം എന്ന് പ്രകാശ് ജാവദേക്കർ ചോദിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പലരേയും കാണേണ്ടി വരും. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. പിണറായി പറയുന്നത് അവരുടെ ആഭ്യന്തര പ്രശ്നമാണ്, ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസിൽ, സുപ്രീം കോടതി സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നൽകി . സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടിയത്. ഇനി സമയം നീട്ടി നൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഖാലിസ്ഥാനി വിഘടനവാദി അമൃതപാൽ സിംഗ് മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി ആണ്അമൃതപാൽ സിംഗ് മത്സരിക്കുന്നത്. നിലവിൽ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാൽ സിംഗ്.അമൃതപാൽ സിംഗിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.