അടൂരിലെ കടമ്പനാട് ഏലായിൽ ഒരുകാലത്ത് എള്ളും ഉഴുന്നും സമൃദ്ധമായി വിളയിച്ചിരുന്നു . അവിടേക്കാണ് ജൈവ കർഷകനായ സി കെ മണി നിലക്കടല കൃഷിയിൽ വിജയം കൊണ്ടുവന്നിരിക്കുന്നത് . 40 സെന്ററിലാണ് കൃഷി ഇറക്കിയത്. 100 ദിവസം കൊണ്ട് വളർച്ച പൂർത്തിയായി. നിലക്കടല കൂടുതലും തമിഴ്നാട് , മഹാരാഷ്ട്ര ആന്ധ്ര എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥായാണ് നിലക്കടല കൃഷി ചെയ്യാൻ വേണ്ടത്. എന്നാൽ കൃത്യമായ ജലസേചനവും വേണം എന്നാണ് മണിയുടെ അനുഭവം. കേരളത്തിൽ കൂടുതലായും പാലക്കാട് മേഖലയിലാണ് നിലക്കടല വ്യാപകമായി കൃഷി ചെയ്യുന്നത്.
നിലക്കടല പരീക്ഷണാടിസ്ഥാനത്തിൽ വീട്ടിലെ ഗ്രോ ബാഗിൽ വിജയകരമായി കൃഷി ചെയ്തതിന് ശേഷമാണ് മണി ഏലായിൽ 40 സെന്റ് സ്ഥലത്ത് കടമ്പനാട് കൃഷി ഭവന്റെ സഹായത്തോടെ കൃഷി ചെയ്തത്. അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷിയും കൂൺ കൃഷിയും സവാളക്കൃഷിയും പടുതാകുളത്തിൽ മൽസ്യകൃഷിയും അങ്ങനെ മണി എന്ന ജൈവ കർഷകൻ കൈ വയ്ക്കാത്ത മേഖലകളില്ല. ശുദ്ധഭക്ഷണത്തിന് വേണ്ടി മണ്ണിലും വിളവിലും രാസവളമോ കീടനാശിനിയോ തളിക്കാതെ യുള്ള കൃഷി രീതിയാണ് എന്നും മണിയെ മറ്റു കർഷകരിൽ നിന്ന് വേറിട്ട് നിർത്തുന്നത് . കുടുംബത്തിന്റെ ആരോഗ്യമാണ് പ്രധാനം. ഞങ്ങളും കൃഷിയിലേക്ക് എന്ന കേരള സർക്കാർ പദ്ധതിയിലൂടെ കടമ്പനാട് കൃഷി ഭവന്റെ സഹായത്തോടെയാണ് മണി കൃഷി ചെയ്യുന്നത് .
മണ്ണിന്റെ ആരോഗ്യമാണ്. മനുഷ്യന്റെ ആരോഗ്യം എന്ന തിരിച്ചറിവിലൂടെ വിളയുടെ പോഷണങ്ങൾ അളന്ന് തുക്കി നോക്കി മണ്ണിന് ഒരു കെമിക്കൽ വളവും നൽകാതെ തന്നെ ഇതര സംസ്ഥാനങ്ങളിൽ വിളയുന്ന ഒട്ടുമിക്ക വിളകളും നമ്മുടെ മണ്ണിലും വിളയും എന്നതിന്റെ നേർ കാഴ്ചയാണ് സി കെ മണി എന്ന ജൈവ കർഷകൻ കടമ്പനാട് എംബട്ടാഴി ഏലയിൽ നടത്തിയ നിലക്കടല (കപ്പലണ്ടി ) യുടെ വിളവെടുപ്പ്.
തയ്യാറാക്കിയത് : കെ.ബി.ബൈന്ദ