സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിന്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥ് അഞ്ചാം പരിശ്രമത്തിലാണ് വന്‍ നേട്ടം കരസ്ഥമാക്കിയത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.
രാഹുൽ ഗാന്ധിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ കുറിച്ച് പറഞ്ഞപ്പോൾ, വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുൽ പരാതി പറയുന്നു. കോൺഗ്രസ് പാർട്ടി സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറക്കുന്നില്ല. സംഘപരിവാർ മനസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂ. രാഹുൽ നിസ്സംഗതയോടെ നിൽക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി സി എം ആർ എൽ. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കി, ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ല. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്. എസ്എഫ്ഐഒ, ഇ ഡി അന്വേഷണo റദ്ദാക്കി ഉത്തരവിടണമെന്നും, ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആണ്സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ, മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ല. സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമെന്നായിരുന്നു ദീലീപിന്‍റെ വാദം.
ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്ന് രാഹുൽ ഗാന്ധി. അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും വയനാട് ലോക്സഭ മണ്ഡലത്തിൽ മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെ അദ്ദേഹം പറഞ്ഞു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് നിയമോപദേശം തേടിയേക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ വിധിയിൽ അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശത്തിനനുസരിച്ച് അപ്പീല്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെങ്കിലും ഒരു തവണ പരിഗണിച്ച വിഷയമായതിനാല്‍ വീണ്ടും തിരിച്ചടി നേരിടാൻ സാധ്യതയുള്ളതിനാലാണ് നിയമോപദേശം തേടുന്നത്.
വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്നും, കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിലുണ്ട്. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. കെ കെ ശൈലജയെ മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകള്‍ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെ അതിശക്തമായി അപലപിക്കുന്നുവെന്നും വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
അശ്ലീലം പ്രചരിപ്പിച്ച് കെ കെ ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. . യുഡിഎഫ് നേതൃത്വമോ സ്ഥാനാർത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നത്. യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് അറിയിച്ചിരുന്നു. നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ – റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്റ്റോറി അത്തരമൊരു പരിധിയിൽ പെടുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ നിലപാട് അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.
കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാർക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.
ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ എആര്‍ഒ കസ്റ്റഡിയില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
തൃശൂർ പൂരത്തോടനുബന്ധിച്ച്, ഏപ്രിൽ 19ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
പൗരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്‍റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച്, സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ജോയിസ് ജോര്‍ജിനെതിരെ, ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. തൊടുപുഴ സിജിഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ ജീവനക്കാർ. ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നും, ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്നുമാണ് ആരോപിക്കുന്നത്. വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു. ഇ മെയിൽ ഐ ഡി, പാസ് വേർഡ് എന്നിവ നൽകാനും രഹസ്യ സ്വഭാവമുള്ള രേഖകൾ നൽകാനും ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും ആരോപിക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത ഹൈക്കോടതിയിൽ ഹർജി നല്‍കി.
സംസ്ഥാനത്ത്ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ താപനില 40 ഡിഗ്രി വരെ ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണo, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 16, 17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഒരിടത്തും നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത്തവണ ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുo. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്.നരേന്ദ്രമോദിക്കും ബിജെപി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുയുള്ള ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേർന്ന് ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് സുരക്ഷാ സേന വിവരിച്ചു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.