ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് പുറത്തിറക്കി എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിലും അസ്റ്ററിലും ബ്ലാക്ക് എഡിഷന് ഹിറ്റായതിനു പിന്നാലെയാണ് എംജി ഹെക്ടറിലേക്കുകൂടി ബ്ലാക്ക് എഡിഷന് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഹെക്ടര്‍ മോഡലിനെ അപേക്ഷിച്ച് 25,000 രൂപ അധികം നല്‍കണം ഈ ബ്ലാക്ക് എഡിഷന് മോഡലുകള്‍ക്ക്. അടിമുടി കറുപ്പില്‍ കുളിച്ച് എത്തുന്നു എന്നല്ലാതെ മെക്കാനിക്കലി ബ്ലാക്ക് എഡിഷന് വലിയ മാറ്റങ്ങളില്ല. അഞ്ച് ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം മോഡലുകളാണ് ഹെക്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി 5 സീറ്ററിന് 21.25 ലക്ഷവും 1.5 പെട്രോള്‍ സിവിടി 7 സീറ്റര്‍ 21.98 ലക്ഷം രൂപയുമാണ് വില. 2.0 ഡീസല്‍ 5 സീറ്റര്‍ മാനുവല്‍ മോഡലിന് 21.95 ലക്ഷവും 7 സീറ്ററിന് 22.55 ലക്ഷവും 6 സീറ്ററിന് 22.76 ലക്ഷം രൂപയുമാണ് വില. ഇന്‍ട്രോഡക്ടറി ഓഫറായാണ് ബ്ലാക്ക് സ്റ്റോമിന് ഈ വില എംജി നല്‍കിയിരിക്കുന്നത്. ഭാവിയില്‍ വിലയില്‍ മാറ്റങ്ങളുണ്ടായേക്കാം. പെട്രോള്‍ സിവിടി, ഡീസല്‍ എംടി പവര്‍ട്രെയിനുകളിലാണ് ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് വരുന്നത്. 143എച്ച്പി, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിവിടി ഗിയര്‍ബോക്സാണുള്ളത്. 170എച്ച്പി, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയത്. 5, 6, 7 സീറ്റര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ പെട്രോള്‍ മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷന് ബ്ലാക്ക്സ്റ്റോമില്‍ ഇല്ല.