വിജിലന്‍സ് മേധവി എഡിജിപി മനോജ് എബ്രാഹം അടക്കം സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍. കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ്, വി.യു. കുര്യാക്കോസ്, പി.എ. മുഹമ്മദ് ആരിഫ്, ടി.കെ. സുബ്രമണ്യന്‍, പി.സി. സജീവന്, കെ.കെ. സജീവ്, അജയകുമാര്‍ വി നായര്‍, ടി.പി. പ്രേംരാജന് , അബ്ദുള്‍ റഹീം അലികുഞ്ഞ്, കെ.വി. രാജു, എം.കെ. ഹരിപ്രസാദ് എന്നിവരാണു മെഡല്‍ ജേതാക്കള്‍.
കെടി ജലീലിന്റെ കാഷ്മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാര്യങ്ങള്‍ മനസിലാക്കിയിട്ടു പറഞ്ഞിട്ടാണോ, അജ്ഞതകൊണ്ടു പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു.
ആസാദ് കശ്മീര്‍ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി ജലീലിന്റെ സ്ഥാനം പാക്കിസ്ഥാനിലാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. രാജ്യത്തിനു വിരുദ്ധമായി പ്രചാരണം നടത്തിയ ജലീല്‍ ഈ നാട്ടില്‍ ജീവിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈബിന് ഈഡന് എംപിക്കെതിരേ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ തെളിവില്ലെന്നു സിബിഐ. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലെ ആദ്യത്തേതിനാണ് തെളിവില്ലെന്നു വ്യക്തമാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്.
ഓഹരി വിപണിയിലെ വിസ്മയമെന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ആരോഗ്യനില മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഈയിടെ ആകാശ് എയര്‍ലൈന്‍സ് സ്ഥാപിച്ച ഇദ്ദേഹം ആപ്ടെക് ലിമിറ്റഡ്, ഹെംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്ടെയ്ന്മെന്റ് എന്നിവയുടെ ചെയര്‍മാനായിരുന്നു. നിരവധി വ്യവസായ, ധനകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടറാണ്. വെറും 5000 രൂപയുമായി നിക്ഷേപകനായ ജുന്‍ജുന്‍വാല ഇപ്പോള്‍ രാജ്യത്തെ അതിസമ്പന്നരില്‍ മുപ്പത്താറാമനാണ്. 580 കോടി ഡോളറാണ് ആസ്തി. അതായത് അമ്പതിനായിരം കോടി രൂപ. രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
ആസാദ് കാഷ്മീര്‍ പോസ്റ്റിനെതിരേ ഡല്‍ഹി പോലീസില്‍ പരാതി എത്തിയിരിക്കേ, മുന്‍മന്ത്രി കെ.ടി ജലീല്‍ ഡല്‍ഹിയില്‍നിന്ന് തിടുക്കത്തില്‍ കേരളത്തിലേക്കു തിരിച്ചെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് യാത്ര പുലര്‍ച്ചെ മൂന്നു മണിക്കുകയായിരുന്നു. വീട്ടില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് യാത്ര നേരത്തെയാക്കിയതെന്നാണു ജലീല്‍ പറയുന്നത്.
കൊച്ചിയില്‍ ഇന്നു പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. രണ്ടു പേര്‍ക്കു പരിക്കേറ്റു. കളത്തിപറമ്പ് റോഡില്‍ വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുണ്‍ എന്നയാള്‍ കുത്തേറ്റ് ആശുപത്രിയിലായി. കുത്തേറ്റ മൂന്നാമന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങി.