മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന് മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് എഎപിയുടെ ഹര്‍ജി പരിഗണിച്ചത്. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞു. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദില്ലി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മന്ത്രിമാരായ അതിഷി മർലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് കെജ്രിവാളിന്റെ അറസ്റ്റന്നും ഏകാധിപത്യമാണ് നടക്കുന്നതെന്നും സമാധാനമായി പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി അതിഷി വിമര്‍ശിച്ചു.
ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
കർമഫലമാണ് അരവിന്ദ് കെജ്രിവാള് ഇന്ന് അനുഭവിക്കുന്നതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് ഇരുവരുമെന്നും, ഷീല ദീക്ഷിതിനെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടവർ അത് ഹാജരാക്കിയില്ലെന്നും ശർമ്മിഷ്ഠ മുഖർജി കുറ്റപ്പെടുത്തി.
അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷവേട്ടയെന്നും സുധാകരന് പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളില്‍ പ്രതിചേര്‍ത്ത് വേട്ടയാടുകയാണ്. നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രി മാരെ എത്ര അഴിമതികള്‍ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാര്‍മിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ, കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണെന്നും കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്നും സുരേന്ദ്രന് ചോദിച്ചു.
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ഇഡിയുടെ നോട്ടീസുകൾ കെജ്രിവാൾ പലവട്ടം തള്ളിക്കളഞ്ഞുവെന്നും ഗുരുതരമായ കേസിലാണ് ഇപ്പോഴത്തെ നടപടി. നിയമം മുഖ്യമന്ത്രിക്കും ബാധകമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനാൽ എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്നും, ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുകയാണ്. കോൺഗ്രസിന് ഒരു ലവൽ പ്ലേ ഗ്രൗണ്ട് ഇല്ല. മോദി ഇനി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മോദി പുടിനായി മാറിയെന്നും, മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകൾ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്ന് ഗതാഗതവകുപ്പും എന്നാൽ ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെടുത്തതെന്ന് കോർപ്പറേഷനും വ്യക്തമാക്കി.
ഐഎസ്ആർഒ യുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം. കർണാടക ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ച് രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പിന്നീട് പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍.
ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്ന് റിപ്പോർട്ട്. മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈക്ക് 584 കോടിയും ലഭിച്ചെന്നു രേഖകളുണ്ട് , കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്. തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ആർ കോണ്‍ഗ്രസിന് 154 കോടി രൂപയും, ബിജെപിക്ക് കിട്ടിയത് നൂറ് കോടിയും , കോണ്‍ഗ്രസിന് 50 കോടിയും കിട്ടിയെന്നാണ് കണക്കുകൾ.
ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസ്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.
ആർഎൽവി രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. അതോടൊപ്പം വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ടെന്നും . കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു .
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.
വയനാട്ടില്‍ റോഡ് സുരക്ഷ പദ്ധതികള്‍ക്ക് 18 കോടിയുടെ അംഗീകാരം ലഭിച്ചു. മാനന്തവാടി താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് 2022 -23 വര്‍ഷങ്ങളില്‍ നടന്ന റോഡ് അപകടങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗങ്ങളും, കരുതല്‍ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി താലൂക്കിലെ എല്ലാ പിഡബ്ല്യുഡി റോഡുകളിലും ഓഡിറ്റ് നടത്തി. ഈ റിപ്പോര്‍ട്ട് വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പദ്ധതികള്‍ക്ക് 18 കോടിയുടെ അംഗീകാരം ലഭിച്ചതെന്നും എംവിഡി അറിയിച്ചു.
കോഴിക്കോട്ട് ഇന്നലെ വൈകീട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി ബിജെപി. തീവ്രവാദ സംഘടനകളുമായി ഇടത്, വലത് മുന്നണികള്‍ സഖ്യത്തിൽ ആണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍ നോമ്പുതുറ സംഗമങ്ങളെ പോലും വര്‍ഗ്ഗീയമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരു മുന്നണികളും വ്യക്തമാക്കി.
കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്നും ജീവനക്കാരെ അകത്തേക്ക് വിടില്ലെന്നും വിദ്യാർത്ഥികള്‍ അറിയിച്ചു. ഡീൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്നുണ്ടായിരുന്നു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്.
വയനാട് പനവല്ലിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന പാലക്കൽ രാജുവിൻ്റെ വീടിന്റെ ജനൽ ജില്ലുകൾ തകർത്തു. ഞെട്ടിയുണർന്ന വീട്ടുകാർ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിൻവാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തളളി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി.
ദില്ലിയിലെ ജെഎന്‍യുവിൽ തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. പുലര്‍ച്ച് രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്നും, അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതില്‍ അട്ടിമറിയുണ്ടെന്നുമാണ് ഇടതുസഖ്യത്തിന്റെ ആരോപണം. നാലു വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരുപാട് ക്യാമറകള്‍ ഒരേ സമയം കാണുമ്പോള്‍ ശ്വാസം വിടാന്‍ പോലും ഭയം തോന്നുമെന്ന് രജനികാന്ത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മള് പറയുന്ന വാക്കുകള്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടുമെന്നും, നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തും എന്നതിനാല്‍ ഈ ചടങ്ങില്‍ത്തന്നെ സംസാരിക്കാന്‍ ആദ്യം തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു. ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനെത്തിയ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ സുൽഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഹിബ ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ്, മക്കളായ ആരുഷ്, റാഹ എന്നിവർ മരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കമായി. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്ഗേ മോദിയെ സ്വീകരിച്ചു. നേരത്തെ മോശം കാലാവസ്ഥ മൂലം മാറ്റിവെച്ച സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്.
ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു. ഏകദേശം 30 പേർ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അനുമാനം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 984 കോടി ചെലവിൽ കോസി നദിക്ക് കുറുകെ നിർമാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകർന്നു വീണത്.
